കായല്‍ കയ്യേറ്റ കേസില്‍ തോമസ് ചാണ്ടിക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി
ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റ കേസ് പരിഗണിക്കുന്ന നിലവിലെ സുപ്രീം കോടതി ബെഞ്ച് മാറ്റണമെന്ന മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ആവശ്യം തള്ളി. കേസ് സുപ്രീം കോടതിയുടെ പഴയ ബെഞ്ച് തന്നെ പരിഗണിക്കും. ജസ്റ്റിസ് ആര് കെ അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്രേ എന്നിവരുടെ ബഞ്ച് കേസ് പരിഗണിക്കരുതെന്നായിരുന്നു തോമസ് ചാണ്ടിയുടെ ആവശ്യം.
കായല്‍ കയ്യേറ്റ കേസില്‍ കേരളാ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കുന്ന ആര്.കെ അഗര്‍വാള്‍, എ.എം സപ്രേ എന്നിവര്‍ അടങ്ങുന്ന ബെഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന് നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
തുടര്‍ന്ന് കേസ് ആ ബെഞ്ചില്‍ നിന്ന് മാറ്റുകയും ചെയ്തു. ഇന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ ഈ കേസ് കേള്‍ക്കാനാവില്ലെന്നും നേരത്തെ ഏത് ബെഞ്ചാണോ പരിഗണിച്ചത് അവിടെ തന്നെ തുടര്‍ന്നും പരിഗണിക്കണമെന്നും നിര്‍ദ്ദേശിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് കേസ് പരിഗണിക്കുന്നത്.