സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ സ്റ്റേഡിയത്തിലേക്ക് വാതില്‍ തുറന്ന് സൗദി: വെള്ളിയാഴ്ച മുതല്‍ മല്‍സരം കാണാന്‍ അനുമതി

single-img
9 January 2018

സൗദി അറേബ്യയില്‍ ഈ വെള്ളിയാഴ്ച മുതല്‍ സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ മല്‍സരം കാണാന്‍ അനുമതി. തലസ്ഥാനമായ റിയാദില്‍ ഈ മാസം 12ന് അല്‍ അഹ്ലി അല്‍ ബാറ്റിന്‍ ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരം കാണാന്‍ സ്ത്രീകളെ അനുവദിക്കുമെന്ന് സൗദി വാര്‍ത്താവിനിമയ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

സൗദിയുടെ ചരിത്രത്തില്‍ ആദ്യമായാണ് വെള്ളിയാഴ്ച സ്ത്രീകളെ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുന്നത്. ശനിയാഴ്ച ജിദ്ദയിലും പതിനെട്ടിന് ദമ്മാമിലും ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കാണുന്നതിന് സ്ത്രീകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളാണ് ഈ സ്റ്റേഡിയങ്ങളില്‍ തയാറാക്കിയിട്ടുള്ളത്.

റിയാദില്‍ ഏഴായിരം സീറ്റുകളും ദമ്മാമില്‍ പതിനായിരം സീറ്റുകളും സ്ത്രീകള്‍ക്കായി നീക്കി വച്ചിട്ടുണ്ട്. ജിദ്ദ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്റ്റേഡിയത്തിലെ വെസ്റ്റ് ബ്ലോക്കിലും ഈസ്റ്റ് ബ്ലോക്കിലുമായിരിക്കും സ്ത്രീകള്‍ക്ക് പ്രവേശനം. പ്രത്യേക കവാടത്തിലൂടെയായിരിക്കും സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ഈ കവാടങ്ങളുടെ ചുമതലയും സ്ത്രീകള്‍ക്ക് തന്നെയായിരിക്കും.

സ്ത്രീകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സൗദിയില്‍ കായിക മത്സരങ്ങളില്‍നിന്നും സ്റ്റേഡിയങ്ങളില്‍നിന്നും സ്ത്രീകളെ വിലക്കിയിരുന്നു. യാത്ര ചെയ്യണമെങ്കിലും പഠിക്കണമെങ്കിലും സ്ത്രീകള്‍ക്ക് പുരുഷ രക്ഷകര്‍ത്താവിന്റെ അനുവാദം ആവശ്യമാണെന്നതാണ് നിലവിലെ നിയമം അനുശാസിക്കുന്നത്.

എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായതിനു ശേഷം സ്ത്രീകള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ വലിയ തോതില്‍ ഇളവുകള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജൂണില്‍ സ്ത്രീകള്‍ക്കു വാഹനം ഓടിക്കാന്‍ ഭരണകൂടം അനുമതി നല്‍കിയിരുന്നു.