ജയമോളെ കുരുക്കിയത് കൈയിലെ തീപ്പൊള്ളല്‍;പോലീസുകാര്‍ മതില്‍ ചാടിക്കടന്ന് ഇടിഞ്ഞുപൊളിഞ്ഞ വീടിനു സമീപം എത്തിയപ്പോള്‍ കാക്കകള്‍ വട്ടമിട്ടു പറക്കുന്നു

single-img
19 January 2018

അമ്മ പതിനാലുകാരനെ കൊലപ്പെടുത്തിയത്
കൊല്ലം: നെടുമ്പന കുരീപ്പള്ളി കാട്ടൂര്‍ മേലേഭാഗം സെബീദിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബ് (14) കൊല്ലപ്പെട്ട സംഭവത്തില്‍ ജയമോള്‍ക്ക് കുരുക്കായത് കൈയ്യിലെ തീപ്പൊള്ളലില്‍ നല്‍കിയ മൊഴി. കൈയിലെ തീപ്പൊള്ളല്‍ ശ്രദ്ധയില്‍പ്പെട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കാര്യം തിരക്കിയപ്പോള്‍ റോസാച്ചെടിയുടെ മുള്ള് കൊണ്ടതാണെന്നാണ് സി.ഐയോടു പറഞ്ഞത്.വൈകിട്ട് എസ്.ഐ. അന്വേഷിച്ചപ്പോള്‍, അടുപ്പ് കത്തിച്ചപ്പോള്‍ പൊള്ളിയതാണെന്നായിരുന്നു മറുപടി. പാചകത്തിന് ഗ്യാസ് അടുപ്പില്ലേയെന്നുള്ള ചോദ്യത്തിനു മുമ്പില്‍ ജയമോള്‍ പതറി.

സംശയം തോന്നിയ പോലീസ് വീടും പരിസരവും പരിശോധിച്ചപ്പോള്‍ മതിലിനോടു ചേര്‍ന്ന് തീയിട്ടതിന്റെ സൂചന ലഭിച്ചു. കരിയില കത്തിച്ചതാണെന്നായിരുന്നു ജയമോളുടെ മറുപടി. അതിനടുത്തുനിന്ന് ജിത്തുവിന്റെ ഒരു ചെരുപ്പു കണ്ടെത്തി. പോലീസുകാര്‍ മതില്‍ ചാടിക്കടന്ന് അടുത്ത പുരയിടത്തില്‍ തെരഞ്ഞപ്പോള്‍ രണ്ടാമത്തെ ചെരുപ്പും കിട്ടി.

നടവഴിയിലൂടെ ആളൊഴിഞ്ഞ പറമ്പിലെത്തിയപ്പോള്‍ ഇടിഞ്ഞുപൊളിഞ്ഞ വീടിനു സമീപം കാക്കകള്‍ വട്ടമിട്ടു പറക്കുന്നതു കണ്ടു.തുടര്‍ന്നു നടത്തിയ തെരച്ചിലില്‍ കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ ജിത്തുവിന്റെ മൃതദേഹം കണ്ടെത്തിയത്.

വാക്കുതര്‍ക്കത്തിനിടെ പെട്ടെന്നുള്ള പ്രകോപനത്തില്‍ മകന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജയമോള്‍ പിന്നീട് പോലിസിനു മൊഴി നല്‍കി. അച്ഛന്‍ ജോബ് ജി ജോണിന്റെ കുടുംബവുമായി ജിത്തു അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം അവിടെ പോയി വന്നതിനുശേഷം സ്വത്ത് തരില്ലെന്ന് അമ്മൂമ്മ പറഞ്ഞതായി അറിയിച്ചു. ഇതോടെ മകനെ അടുക്കളയില്‍ വച്ച് കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതായി ജയമോള്‍ പോലിസിനോട് പറഞ്ഞു. മകനെ കൊന്നു കത്തിച്ചത് ഒറ്റയ്ക്കായിരുന്നുവെന്നു മൊഴിയിലുണ്ട്.

കൊലപാതകത്തിന്റെ കാരണം അവ്യക്തമെന്നു സിറ്റി പോലീസ് കമ്മിഷണര്‍ ഡോ. എ. ശ്രീനിവാസ് പറഞ്ഞു. വ്യക്തതയ്ക്കായി ജിത്തുവിന്റെ അച്ഛനെയും സഹോദരിയെയും ചോദ്യംചെയ്യും.എന്നാല്‍ അറസ്റ്റിലായ ജയമോള്‍ക്ക് മാനസികപ്രശ്നങ്ങളില്ലെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചു.