അബുദാബി ഫെസ്റ്റിവലില്‍ വിവിധ കലാരൂപങ്ങളുമായി ഇന്ത്യയും

single-img
1 March 2018

അബുദാബി: പതിനഞ്ചാമത് അബുദാബി ഫെസ്റ്റിവലില്‍ വിവിധ കലാരൂപങ്ങളുമായി ഇന്ത്യയും അതിഥി രാജ്യമായി എത്തും. ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരിക ആഘോഷ പരിപാടിയായ അബുദാബി ഫെസ്റ്റിവല്‍ വിവിധ വേദികളിലാണ് നടക്കുക.

അബുദാബി ഫെസ്റ്റിവലിലെ അതിഥി രാജ്യമായി ഇന്ത്യയെ തെരഞ്ഞെടുത്തത് അഭിമാനകരമാണെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി എംബസിയില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു. അബുദാബിയിലെ കലാ സ്‌നേഹികളായ ജനങ്ങള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറ്റവും മികച്ച അംശങ്ങള്‍ എത്തിച്ചു നല്‍കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറില്‍ അധികം കലാകാരന്മാരും നാല്‍പതോളം സംഗീതജ്ഞരും ഭാഗമാവുന്ന ഉത്സവമാണിത്. മാര്‍ച്ച് എട്ടിന് എമിറേറ്റ്‌സ് പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ‘മര്‍ച്ചന്റ്‌സ് ഓഫ് ബോളിവുഡ്’ എന്ന പരിപാടിയില്‍ വിവിധ ഇന്ത്യന്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കും.

ഇന്ത്യയില്‍ നിന്നുള്ള തനുശ്രീ ശങ്കര്‍ ഡാന്‍സ് അക്കാദമി 19 ന് എമിറേറ്റ്‌സ് പാലസില്‍ ‘വീ ദി ലിവിംഗ്’ എന്ന നൃത്ത സംഗീത പരിപാടി അവതരിപ്പിക്കും. സൂഫി കവി റൂമിയുടെ ‘മനുഷ്യന്‍’ എന്ന കവിതയുടെ ആവിഷ്‌കാരമാണിത്. 23 ന് ഉം അല്‍ ഇമറാത്ത് പാര്‍ക്കില്‍ രഘു ദീക്ഷിത് പ്രൊജക്സ്റ്റിന്റെ സംഗീത പരിപാടി നടക്കും.

22,23 തീയതികളില്‍ ഉം അല്‍ ഇമറാത്ത് പാര്‍ക്കില്‍ ബോളിവുഡ് ഡാന്‍സ് വര്‍ക്ക്‌ഷോപ്പ് നടക്കും. 25 ന് പ്രശസ്ത സരോദ് വാദകന്‍ ഉസ്താദ് അംജദ് അലി ഖാന്റെ സംഗീത പരിപാടി, നാടന്‍കല, ആധുനിക ബാലേ, സമകാലിക നൃത്തരൂപങ്ങള്‍ എന്നിവ എമിറേറ്റ്‌സ് പാലസില്‍ നടക്കും. എട്ട് മുതല്‍ മുപ്പത് വരെ കാലിഗ്രാഫി കലാകാരനായ രാജീവ് കുമാറിന്റെ കലാ പ്രദര്‍ശനം എമിറേറ്റ്‌സ് പാലസില്‍ നടക്കും.

ഇന്ത്യക്കാരല്ലാത്തവര്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തെ ആസ്വദിക്കാനും അടുത്തറിയാനുമുള്ള അവസരവുമാണ് ഇത്. 800 ടിക്കറ്റ്‌സ് ഡോട്ട് കോമില്‍ ഐ.എന്‍.ഡി50 എന്ന് രേഖപ്പടുത്തിയാല്‍ അബുദാബി ഫെസ്റ്റിലെ ഇന്ത്യന്‍ കലാരൂപങ്ങള്‍ക്കുള്ള പ്രവേശന ടിക്കറ്റ് 50 ശതമാനം ഇളവിന് ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.