മേഘാലയയില്‍ കോണ്‍ഗ്രസിനു തിരിച്ചടി; രണ്ടു സീറ്റ് മാത്രം കിട്ടിയ ബിജെപി ഭരണം പിടിക്കാന്‍ സാധ്യത

single-img
4 March 2018

കടുത്ത തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവില്‍ 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, മേഘാലയയിലും കോണ്‍ഗ്രസിനെ ‘വെട്ടി’ രണ്ടു സീറ്റു മാത്രമുള്ള ബിജെപി ഭരണം പിടിക്കാന്‍ സാധ്യത. മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ.സാങ്മ സ്ഥാപിച്ച നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ഉള്‍പ്പെടെ അഞ്ചു പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നു ഭരണം സ്വന്തമാക്കാനാണു ബിജെപിയുടെ ശ്രമം.

17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) യാകും മുന്നണിക്ക് നേതൃത്വം നല്‍കുക. രണ്ടു സീറ്റുള്ള ബിജെപിയെ കൂടാതെ ആറു സീറ്റുകളുള്ള യുഡിപിയും ഇവര്‍ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. ഒരു സ്വതന്ത്ര എംഎല്‍എയും പിന്തുണ വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്.

മറ്റു രണ്ടു പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ കൂടി ഇവര്‍ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ എന്‍പിപി നേതാവ് കോണ്‍റാഡ് സാങ്മ അടുത്ത മുഖ്യമന്ത്രിയാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 21 സീറ്റുകളുള്ള കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രാത്രി ഗവര്‍ണറെ കണ്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ മുഖ്യമന്ത്രി മുകുള്‍ സാങ്മ ഗവര്‍ണര്‍ ഗംഗ പ്രസാദിനെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കി.