മുരുകന്റെ മരണം: ഡോക്ടര്‍മാര്‍ക്ക് ക്ലീന്‍ചിറ്റുമായി മെഡിക്കല്‍ ബോര്‍ഡ്

single-img
4 March 2018

മതിയായ ചികിത്സ ലഭിക്കാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകനെ രക്ഷിക്കാവുന്ന അവസ്ഥയില്‍ അല്ല ആശുപത്രിയില്‍ എത്തിച്ചതെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മുരുകന്റെ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മുരുകനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പ്രവേശിപ്പിക്കാന്‍ വെന്റിലേറ്റര്‍ ഇല്ലായിരുന്നു. മുരുകനെ പ്രവേശിപ്പിച്ചത് ആശുപത്രികളില്‍ രേഖപ്പെടുത്താത്തത് വീഴ്ചയെന്നും റിപ്പോര്‍ട്ടിലുണ്ട്.

മുരുകന്റെ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധസമിതി നേരത്തെ കണ്ടെത്തിയിരുന്നു. മുരുകനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ വി. ശ്രീകാന്ത്, ജൂനിയര്‍ റസിഡന്റ് ഡോ പാട്രിക് പോള്‍ എന്നിവരോട് ആരോഗ്യവകുപ്പ് വിശദീകരണം ചോദിച്ചിരുന്നു.

വെന്റിലേറ്റര്‍ ഉണ്ടോ എന്നു പരിശോധിച്ചശേഷം രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുള്ള നടപടിയെടുത്തില്ല എന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മുരുകന്‍ ചികില്‍സ തേടിയത് ആശുപത്രി രേഖകളിലാക്കിയില്ലെന്നതും ഇരുവരുടേയും വീഴ്ചയായി വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍ ഇതിനു നേരെ വിപരീതമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ആറാം തീയതി ദേശീയപാതയില്‍ കൊല്ലത്തിനടുത്ത് ഇത്തിക്കരയില്‍ രാത്രി പതിനൊന്നിനുണ്ടായ അപകടത്തിലാണ് മുരുകനു ഗുരുതരമായി പരിക്കേല്‍ക്കുന്നത്.

തുടര്‍ന്ന് ഇദ്ദേഹത്തെ ആറ് ആശുപത്രികളില്‍ എത്തിച്ചെങ്കിലും ചികിത്സ നല്‍കാന്‍ ഇവര്‍ തയാറായില്ല. ഏഴു മണിക്കൂറിനുശേഷം മുരുകന്‍ ആംബുലന്‍സില്‍തന്നെ മരിച്ചു. മുരുകനേയും കൊണ്ട് സംഭവ ദിവസം രാത്രി 11.39ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ആംബുലന്‍സിനടുത്ത് വന്ന് രോഗിയെ കാണുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിരുന്നു.

20 മിനിറ്റാണ് മുരുകനുമായി ആംബുലന്‍സ് ഇവിടെ ചെലവഴിച്ചത്. ഇതിനിടെ മറ്റൊരു രോഗിയെ അത്യാസന്ന നിലയിലെത്തിച്ചപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ അകത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.