കോണ്‍ഗ്രസിനെ എങ്ങനെ തോല്‍പിക്കാം എന്നത് മാത്രമായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് ലക്ഷ്യമെന്ന് കണ്ണന്താനം

single-img
5 March 2018

ന്യൂഡല്‍ഹി: മേഘാലയയില്‍ കോണ്‍ഗ്രസിന്റെ പരാജയമല്ലാതെ മറ്റൊന്നും ബി.ജെ.പിക്ക് വിഷയമായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ‘കൂടുതല്‍ സീറ്റുകളില്‍ ജയിക്കണമെന്നതിനൊപ്പം കോണ്‍ഗ്രസ് തിരിച്ച് അധികാരത്തില്‍ എത്താതിരിക്കുന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ’ കണ്ണന്താനം പറഞ്ഞു.

മേഘാലയയിലെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് കേന്ദ്ര ടൂറിസം മന്ത്രി കൂടിയായ അല്‍ഫോണ്‍സ് കണ്ണന്താനമായിരുന്നു. ‘ഞങ്ങളുടെ പ്രചാരണം ശ്രദ്ധിച്ചാല്‍ മനസ്സിലാകും. കോണ്‍ഗ്രസിന് വോട്ട് എങ്ങനെ കുറയ്ക്കാം എന്നത് ലക്ഷ്യമാക്കിയായിരുന്നു ഞങ്ങളുടെ പ്രചാരണം.

ഞങ്ങള്‍ക്ക് ജയിക്കണം, അതോടൊപ്പം കോണ്‍ഗ്രസ് അധികാരത്തില്‍ വരുകയുമരുത്. ഏത് പ്രാദേശിക പാര്‍ട്ടി ജയിക്കും എന്നതിനെ കുറിച്ച് ഞങ്ങള്‍ അധികം ചിന്തിച്ചില്ല. പ്രചാരണത്തിന്റെ ഘട്ടത്തിന്റെ ഒരിക്കല്‍ പോലും ഒരു പ്രാദേശിക കക്ഷിക്കെതിരെയും ഞങ്ങള്‍ ഒന്നും പറഞ്ഞില്ലെന്നും കണ്ണന്താനം പറഞ്ഞു.

അപ്രതീക്ഷിതമായ സഖ്യമാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. സര്‍ക്കാരുണ്ടാക്കുന്നതിലേക്ക് ചര്‍ച്ചയെത്തിയതില്‍ തികഞ്ഞ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ സഖ്യചര്‍ച്ചകള്‍ നടത്തിയ ബിജെപി അഞ്ചോളം പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി മേഘാലയയില്‍ ഭരണം ഉറപ്പാക്കിയിരുന്നു.

കേന്ദ്രമന്ത്രിമാരായ അല്‍ഫോന്‍സ് കണ്ണന്താനം, കിരണ്‍ റിജ്ജു, അസം ധനകാര്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ എന്നിവരാണു ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കു ചുക്കാന്‍ പിടിച്ചത്. 47 സീറ്റുകളില്‍ മല്‍സരിച്ചു രണ്ടു സീറ്റു മാത്രമേ നേടാനായിരുന്നുള്ളൂവെങ്കിലും പ്രാദേശിക കക്ഷികള്‍ പിന്തുണച്ചതോടെയാണു ബിജെപിക്ക് ഇവിടെ സര്‍ക്കാര്‍ രൂപീകരണം സാധ്യമായത്.

19 സീറ്റ് നേടിയ എന്‍പിപിക്കൊപ്പം രണ്ടു സീറ്റുള്ള ബിജെപിയും എട്ടു സീറ്റുള്ള യുഡിപി സഖ്യവും ചേര്‍ന്നാണ് 29 സീറ്റ് ആയത്. ഇവര്‍ക്കു കെഎച്ച്എന്‍എഎമ്മിന്റെ ഒരു എംഎല്‍എയുടെയും മൂന്നു സ്വതന്ത്രരുടെയും പിന്തുണയും ലഭിക്കുമെന്നാണു സൂചന. ഇതോടെ 33 പേരുടെ ഭൂരിപക്ഷവുമായി സഖ്യം സുരക്ഷിതനിലയിലെത്തും.