എ.ഐ.വൈ.എഫിനെ തള്ളി മുഖ്യമന്ത്രി: ‘ഏത് പാര്‍ട്ടിയായാലും കൊടിനാട്ടിയുളള സമരം വേണ്ട’

single-img
5 March 2018

തിരുവനന്തപുരം: കൊടിനാട്ടിയുളള സമരം അനാവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതില്‍ മനംനൊന്ത് പ്രവാസിയായ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കുഴിയില്‍ വീട്ടില്‍ സുഗതന്‍ ജീവനൊടുക്കിയ സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

വര്‍ക്ക്‌ഷോപ്പിന്റെ പണി നിറുത്തി വയ്‌ക്കേണ്ടി വന്നതിനാലാണ് സുഗതന്‍ ആത്മഹത്യ ചെയ്തത്. സംഭവം നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഓരോ പാര്‍ട്ടിയുടേയും വിലപ്പെട്ട സ്വത്താണ് അവരുടെ കൊടി. അത് എവിടെയെങ്കിലും കൊണ്ടുചെന്ന് നാട്ടുന്നത് ശരിയല്ല. ഏത് പാര്‍ട്ടിയാണെങ്കിലും ഈ പ്രവണത അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരും എതിര്‍ത്തിട്ടും ഇപ്പോഴും നോക്കുകൂലിയുണ്ട്. വ്യവസായികള്‍ക്ക് വേണ്ടത് പിന്തുണയാണ്. വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കണം. ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.