അബുദാബിയില്‍ ലഹരി ഗുളികകളുടെ വന്‍ ശേഖരം പിടികൂടി

single-img
6 March 2018

അബുദാബി: ലഹരി ഗുളികകളുടെ വന്‍ ശേഖരം അബുദാബി പോലീസ് പിടികൂടി. ജ്യൂസുകള്‍ ഉണ്ടാക്കുന്ന ഉപകരണങ്ങള്‍ക്കുള്ളില്‍ സൂക്ഷിച്ച 18 ലക്ഷം ക്യാപ്റ്റഗന്‍ ലഹരി ഗുളികകള്‍ ആണ് അബുദാബി പോലീസ് പിടിച്ചെടുത്തത്.
ഏകദേശം 90 ദശലക്ഷം ദിര്‍ഹം വിലവരുന്നതാണ് പിടിച്ചെടുത്ത ലഹരി ഗുളികകള്‍.

ജ്യൂസുകള്‍ ഉണ്ടാക്കുന്ന വ്യത്യസ്ത ഉപകരണങ്ങള്‍ക്കുള്ളില്‍ നിന്നാണ് ഗുളികകള്‍ കണ്ടെത്തിയത്. ഇതിന് പിറകില്‍ പ്രവര്‍ത്തിച്ച ആറ് അറബ് വംശജരും അറസ്റ്റിലായിട്ടുണ്ട്. അബുദാബിയിലും ദുബായിലുമായി പ്രവര്‍ത്തിക്കുന്ന സംഘമാണിത്. അബുദാബി പോലീസിന്റെ ‘ഓപ്പറേഷന്‍ ഡെത്ത് നെറ്റ്‌വര്‍ക്ക്’ എന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സംഘം പിടിയിലായത്.

ക്യാപ്റ്റഗന്‍ ഗുളികകളുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ച രഹസ്യസന്ദേശത്തെത്തുടര്‍ന്ന് നടന്ന പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് പോലീസ് ലഹരി വിരുദ്ധ സേനയുടെ ഡയറക്ടര്‍ കേണല്‍ താഹിര്‍ ഗാരിബ് അല്‍ ദാഹിരി പറഞ്ഞു.