കൈകൊണ്ട് എഴുതിയ മരുന്നു കുറിപ്പുകള്‍ക്ക് നിരോധനം

single-img
6 March 2018

കൈകൊണ്ട് എഴുതിയ മരുന്നു കുറിപ്പുകള്‍ യുഎഇയില്‍ നിരോധിക്കുന്നു. ആരോഗ്യ സേവന രംഗത്തെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ആശുപത്രികളിലും ക്ലിനിക്കുകളിലുമെത്തുന്ന രോഗികള്‍ക്ക് കംപ്യൂട്ടറില്‍ പ്രിന്റ് ചെയ്ത മരുന്നു കുറിപ്പടികള്‍ നല്‍കണമെന്നാണ് പുതിയ നിര്‍ദേശം.

അച്ചടിച്ച കുറിപ്പടികള്‍ക്ക് പകരം ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും കുറിപ്പടികള്‍ നല്‍കാം. ഇതു സംബന്ധിച്ച ഉത്തരവ് ആരോഗ്യമന്ത്രാലയം ഉടന്‍ പുറത്തിറക്കും. ക്ലിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കും പുതിയ സംവിധാനത്തിലേക്ക് മാറുന്നതിന് ആറുമാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

കുറിപ്പില്‍ എഴുതിയിരിക്കുന്ന മരുന്നുകളുടെ പേര് തെറ്റായി മനസിലാക്കി മരുന്നു മാറി നല്‍കുന്നത് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. ഡോക്ടറുടെ കുറിപ്പില്ലാതെ എത്തുന്ന രോഗികള്‍ക്ക് ആന്റിബയോട്ടിക്കുകളും മറ്റു ഗൗരവ സ്വഭാവമുള്ള മരുന്നുകളും നല്‍കരുതെന്നും ഫാര്‍മസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.