കര്‍ദിനാള്‍ രാജാവല്ലെന്നു ഹൈക്കോടതി: കാനോന്‍ നിയമത്തിന് രാജ്യത്ത് പ്രസക്തിയില്ല

single-img
6 March 2018

വിവാദമായ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കര്‍ദിനാള്‍ രാജാവല്ലെന്നും രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ സഭയുടെ കാനോന്‍ നിയമത്തിനു പ്രസക്തിയില്ലെന്നും ഹൈക്കോടതി തുറന്നടിച്ചു.

ആരും നിയമത്തിനു മുകളിലല്ലെന്നു ആലഞ്ചേരിയെ ഓര്‍മിപ്പിച്ച കോടതി അതിരൂപതയുടെ സ്വത്തുവകകള്‍ സ്വന്തം ഇഷ്ടപ്രകാരം കര്‍ദിനാളിനു കൈകാര്യം ചെയ്യാനാവില്ലെന്നും വ്യക്തമാക്കി. ഭൂമിയിടപാട് കേസില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് പുറമെ പോലീസിന്റെ സമാന്തര അന്വേഷണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു കര്‍ദിനാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ആഞ്ഞടിച്ചത്.

അതേസമയം തന്നെ ചിലര്‍ വേട്ടയാടാന്‍ ശ്രമിക്കുന്നതായി കര്‍ദിനാള്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചു. തനിക്കെതിരെ കോടതിയെ സമീപിച്ചതിനു പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ട്. ഇത് തന്റെ അന്തസ്സിനെ ബാധിക്കുമെന്ന് പറഞ്ഞ കര്‍ദിനാള്‍ അതിനാല്‍ ഹര്‍ജി തള്ളണമെന്ന് നിലപാടെടുത്തു.

ഭൂമി കച്ചവടത്തില്‍ നിയമലംഘനം നടന്നുവെന്നും രൂപതയെ രൂപതാധ്യക്ഷനായ കര്‍ദിനാള്‍ ആലഞ്ചേരി വഞ്ചിച്ചുവെന്നും കാട്ടി രൂപത വിശ്വാസികളായ രണ്ടുപേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തെ കര്‍ദിനാളിനെതിരേ ഹര്‍ജിക്കാരന്‍ പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും കേസ് എടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല.

ഇതേതുടര്‍ന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കപ്പെട്ടത്. കേസ് പരിഗണിക്കവെ ഇന്നലെ ഹൈക്കോടതി പൊലീസിനെ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതിന്റെ പേരില്‍ വിമര്‍ശിച്ചിരുന്നു.