ബി.ജെ.പിയും കൈവിട്ടു; അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം അനിശ്ചിതത്വത്തില്‍

single-img
7 March 2018

സ്വര്‍ണ്ണവ്യാപാരി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ബാങ്കുകളുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് 2015 മുതല്‍ ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം അനിശ്ചിതത്വത്തിലായി.

ഒരു കേസിലെ മാത്രം ശിക്ഷയായ മൂന്ന് വര്‍ഷം തടവാണ് രാമചന്ദ്രന്‍ ഇപ്പോള്‍ ദുബായില്‍ അനുഭവിക്കുന്നത്. ഇതുപോലെ മറ്റു കേസുകളിലും വിധി വരികയാണെങ്കില്‍ അദ്ദേഹം വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരും. രണ്ട് പ്രമുഖ വജ്രവ്യവസായികള്‍ രാമചന്ദ്രന് എതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മതിക്കാത്തതാണ് മോചനം അനിശ്ചിതത്വത്തിലാക്കിയത്.

രാജ്യത്തെ പറ്റിച്ച് വിദേശത്തേയ്ക്ക് കടന്ന നീരവ് മോഡി, വിജയ് മല്യ എന്നിവര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്. ഈ സാഹചര്യത്തില്‍ അറ്റ്‌ലസ് രാമചന്ദ്രനെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ പ്രതിച്ഛായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് കേന്ദ്രനിലപാട്.

നേരത്തെ, രാമചന്ദ്രന്റെ കുടുംബാംഗങ്ങള്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന,് അദ്ദേഹത്തിന്റെ ബാധ്യതാവിവരങ്ങള്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനും കൈമാറുകയായിരുന്നു. രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ആശുപത്രിയില്‍ കൊണ്ടുപോകുന്നത് വീല്‍ചെയറിലാണെന്നും അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര വിശദീകരിച്ചിരുന്നു.