ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വീണ്ടും മുഖ്യമന്ത്രി: ‘രാഷ്ട്രീയകൊലപാതകങ്ങള്‍ കുറഞ്ഞു’

single-img
7 March 2018

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കണ്ണൂരില്‍ മാത്രം ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. 2016 ല്‍ സംസ്ഥാനത്താകെ 10 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്.

2017 ല്‍ അത് 5 ആയി കുറഞ്ഞു. വധക്കേസുകളില്‍ ബിജെപി, എസ്ഡിപിഐ, സിപിഎം പ്രവര്‍ത്തകരാണ് പ്രതിസ്ഥാനത്തുള്ളതെന്നും ഈ സര്‍ക്കാര്‍ വന്ന ശേഷം കണ്ണൂരില്‍ ഒന്‍പത് രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ല. ഷുഹൈബ് വധത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ച്ചയും വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഷുഹൈബ് വധത്തില്‍ യുഎപിഎ ചുമത്താനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഫലപ്രദമായി നടത്തുമെന്നാണ് നിയമമന്ത്രി കണ്ണൂരില്‍ പറഞ്ഞതെന്നും സിബിഐ അന്വേഷണം നടത്താം എന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടില്ലെന്നും പിണറായി വിശദീകരിച്ചു.

ഷുഹൈബ് വധക്കേസ് അന്വേഷണത്തില്‍ പോലീസില്‍ നിന്ന് വിവരം ചോര്‍ന്നുവെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. അത്തരമൊരു വിവരം സര്‍ക്കാരിനില്ല. വരുന്ന വാര്‍ത്തകളെല്ലാം വിശ്വസിച്ചാല്‍ നമ്മള്‍ കുഴപ്പത്തിലാവും. ചെന്നൈയില്‍ പോയ തന്റെ പ്ലേറ്റ് ലെറ്റ് കുറഞ്ഞെന്നു വരെ വാര്‍ത്ത വന്നതാണ്.

സംഘട്ടനങ്ങള്‍ ആരും ആഗ്രഹിക്കുന്നില്ല. പൊലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അധികാരം ഉണ്ട്. അക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാവില്ല. പൊലീസ് സ്റ്റേഷനില്‍ കയറി പ്രതികളെ മോചിപ്പിക്കുന്നതിന് ആരെങ്കിലും ശ്രമിച്ചാല്‍ നിയമപരമായി തന്നെ നേരിടും.

അതിന് കണ്ണൂരെന്നോ കേരളത്തില്‍ എവിടെ എങ്കിലുമോ എന്ന വ്യത്യാസമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കണ്ണൂരില്‍ സിപിഎമ്മിന് ബോംബ് നിര്‍മാണ ശാലകളില്ലെന്നും പറഞ്ഞു. കൊലപാതകങ്ങള്‍ക്കെതിരെ നിയമം കര്‍ക്കശമാക്കാന്‍ നിയമ ഭേദഗതിയെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.