കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.സുധാകരന്‍: കെപിസിസിയില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും നേരെ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ രോഷപ്രകടനം

single-img
7 March 2018

തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്‍ രംഗത്തെത്തി. ഷുഹൈബ് വധത്തിലെ പ്രതികളെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ കളക്‌ട്രേറ്റ് പടിക്കല്‍ നടത്തിയ സമരം നിറുത്തിയത് മണ്ടത്തരമായിപ്പോയി.

നിരാഹാര സമരം തുടരേണ്ടതായിരുന്നു. താത്പര്യമില്ലാതെയാണ് താന്‍ സമരം അവസാനിപ്പിച്ചത്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മടിയാണെന്നും സുധാകരന്‍ തിരുവനന്തപുരത്ത് നടന്ന കെ.പി.സി.സി ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞു. പാര്‍ട്ടി ഗാന്ധിയന്‍ സമരരീതി മാറ്റണം. പാര്‍ട്ടിക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കാനാകില്ലെന്നും സുധാകരന്‍ തുറന്നടിച്ചു.

സി.പി.എമ്മിന്റെ സമാന രീതിയില്‍ തന്നെ സമര പരിപാടികള്‍ ആസൂത്രണം ചെയ്യണം. ഇല്ലെങ്കില്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാകില്ല. ആരെയും സംരക്ഷിക്കാന്‍ പറ്റാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ഇപ്പോള്‍ തന്നെ ആക്ഷേപം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ നേതാക്കള്‍ വെറുതെ ‘വന്നുപോകുന്നതിനെതിരെ’ മുതിര്‍ന്ന നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യോഗത്തില്‍ പ്രസംഗിച്ചശേഷം നിയമസഭയിലേക്ക് തിരികെ പോയതാണ് ഉണ്ണിത്താനെ ചൊടിപ്പിച്ചത്.

നേതാക്കള്‍ പേരിനുവേണ്ടി വന്നുപോകുന്നത് ശരിയല്ലെന്ന് ഉണ്ണിത്താന്‍ വിമര്‍ശിച്ചു. അംഗങ്ങള്‍ പറയുന്നതുകൂടി കേള്‍ക്കാന്‍ ഇവര്‍ തയാറാകണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. പങ്കെടുക്കാന്‍ സാധിക്കില്ലെങ്കില്‍ നിയമസഭയും പാര്‍ലമെന്റും നടക്കുന്ന സമയങ്ങളില്‍ പാര്‍ട്ടി യോഗം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പും കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ നയിക്കുന്ന കേരള വിമോചനയാത്രയുമാണ് യോഗത്തിന്റ പ്രധാന അജണ്ട. ഉച്ചയ്ക്ക് ശേഷം കെപിസിസി ഭാരവാഹികളുടെ യോഗവും നാളെ രാഷ്ട്രീയകാര്യ സമിതിയോഗവും ചേരുന്നുണ്ട്.