ഗള്‍ഫില്‍ മലയാളികള്‍ക്ക് ഭാഗ്യം തുടരുന്നു; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ആറരക്കോടി അടിച്ചത് ഇതുവരെ യു.എ.ഇ. സന്ദര്‍ശിക്കാത്ത മലയാളിക്ക്

single-img
7 March 2018

യുഎഇയില്‍ നറുക്കെടുപ്പിലൂടെ വീണ്ടും മലയാളിക്ക് കോടിക്കണക്കിന് രൂപ സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിയായ പ്രബിന്‍ തോമസിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഒരു മില്യണ്‍ യുഎസ് ഡോളറാണ് (ഏതാണ്ട് 6,49,95,000 രൂപ) സമ്മാനം.

ഇതുവരെ യു.എ.ഇയോ മറ്റ് രാജ്യങ്ങളോ സന്ദര്‍ശിക്കാത്ത ആളാണ് പ്രബിന്‍ എന്നതാണ് ഈ ഭാഗ്യസമ്മാനത്തെ വ്യത്യസ്തമാക്കുന്നത്. തൃശ്ശൂരില്‍ ഒരു ഐ.ടി സ്ഥാപനം നടത്തിവരികയാണ് പ്രബിന്‍. ദുബായ് ഡ്യൂട്ടി ഫ്രീയുടെ പരസ്യം കണ്ട് ഓണ്‍ലൈനില്‍ ഭാഗ്യം പരീക്ഷിക്കുകയായിരുന്നു.

നറുക്കുവീണ വിവരമറിയിച്ച് ഫോണ്‍ വന്നപ്പോള്‍ ആരോ കളിപ്പിക്കുന്നതായാണ് തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ഡ്യൂട്ടിഫ്രീയുടെ സൈറ്റില്‍ പേര് കണ്ടപ്പോളാണ് വിശ്വാസം വന്നതെന്നും നാല്‍പ്പതുകാരനായ പ്രബിന്‍ പറഞ്ഞു. തിങ്കളാഴ്ച അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തിരുവനന്തപുരം സ്വദേശിക്ക് 12 കോടി രൂപ അടിച്ചതിനു പിന്നാലെയാണ് ചൊവ്വാഴ്ച ആറര കോടി രൂപയുടെ സമ്മാനം മലയാളിയെ തേടിയെത്തിയത്.