ഗുജറാത്തില്‍ വാഹനാപകടത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പ്രവീണ്‍ തൊഗാഡിയ; അപകടത്തില്‍ ദുരൂഹത

single-img
7 March 2018

ഗാന്ധിനഗര്‍: വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചു. തൊഗാഡിയക്ക് പരിക്കേറ്റിട്ടില്ല. ഗുജറാത്തിലെ കമറേജിനു സമീപമായിരുന്നു അപകടം. കമറേജില്‍നിന്ന് സൂറത്തിലേക്കുള്ള യാത്രയിലായിരുന്നു തൊഗാഡിയ. കാറിനു പിന്നിലാണ് ട്രക്ക് ഇടിച്ചതെന്നും ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തതായും റൂറല്‍ എസ് പി എം കെ നായക് പറഞ്ഞു.

വിഎച്ച്പിയുടെ അന്തര്‍ദേശീയ വര്‍ക്കിങ് പ്രസിഡന്റാണ് തൊഗാഡിയ. വാഹനം ബുള്ളറ്റ് പ്രൂഫ് ആയിരുന്നതിനാലാണ് താന്‍ കൊല്ലപ്പെടാതിരുന്നതെന്ന് തൊഗാഡിയ പ്രതികരിച്ചു. തനിക്ക് അനുവദിച്ചിരിക്കുന്ന ഇസഡ് പ്ലസ് സുരക്ഷ, ഗുജറാത്ത് സര്‍ക്കാര്‍ മനഃപൂര്‍വം ദുര്‍ബലപ്പെടുത്തിയിട്ടുണ്ടെന്നും തൊഗാഡിയ ആരോപിച്ചു.

പോലീസ് അകമ്പടി വാഹനം വാഹനത്തിനു മുന്നില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നില്‍ എസ്‌കോര്‍ട്ട് വാഹനം ഉണ്ടായിരുന്നില്ല. ഇതാദ്യമായാണ് പിന്നില്‍ അകമ്പടി വാഹനം ഇല്ലാതിരിക്കുന്നത്. ഇത് ഗാന്ധിനഗറില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണെന്നും തൊഗാഡിയ ആരോപിച്ചു. ട്രക്ക് തന്റെ വാഹനത്തില്‍ ഇടിച്ചതിനു ശേഷം ഡിവൈഡറിലും ഇടിച്ചിട്ടാണ് നിന്നതെന്നും തൊഗാഡിയ പറഞ്ഞു.

ഗുജറാത്തില്‍ ബി.ജെ.പി നേതൃത്വവുമായി ഉടക്കി കഴിയുന്ന തൊഗാഡിയയെ പത്ത് വര്‍ഷം മുമ്പുള്ള കേസില്‍ പാര്‍ട്ടി നേതൃത്വം പെടുത്തിയിരുന്നു. ഐ ബി ഉദ്യേഗസ്ഥര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും തൊഗാഡിയ ആരോപിക്കുന്നുണ്ട്. നേരത്ത പഴയ കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ പോലീസ് തൊഗാഡിയയുടെ വീട് വളഞ്ഞിരുന്നു. വ്യാജ ഏറ്റുമുട്ടിലില്‍ തന്നെ വകവരുത്താനാണ് ബിജെപി ശ്രമമെന്ന് അന്ന് അദ്ദേഹം പാരതി നല്‍കുകയും ചെയ്തു.