പ്രതിഷേധം ഫലിച്ചു: ടി.പി കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവില്ല

single-img
8 March 2018

 

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഗര്‍ണര്‍ക്ക് സമര്‍പ്പിച്ച 740 പേരുടെ പട്ടികയില്‍ ഈ പ്രതികളുടെ പേരില്ല. ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമും ടി.പി വധക്കേസിലെ പ്രതികളും ഉള്‍പ്പെടെയുള്ള 1800 പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനായി ജയില്‍ വകുപ്പ് തയ്യാറാക്കിയ പട്ടിക നേരത്തെ വിവാദമായിരുന്നു.

ടി.പി കേസിലെ പതിനൊന്ന് പ്രതികളായ കൊടി സുനി, കെ.സി. രാമചന്ദ്രന്‍, പി.കെ.കുഞ്ഞനന്തന്‍, അണ്ണന്‍ സിജിത്ത്, റഫീഖ്, അനൂപ്, മനോജ് കുമാര്‍, രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരുടെ പേരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. ഇത് വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ പട്ടിക ഗവര്‍ണര്‍ പി.സദാശിവം തിരിച്ച് അയയ്ക്കുകയായിരുന്നു.

തടവുകാരിലെ മര്യാദക്കാരയ 2262പേരുടെ പട്ടികയാണു ജയില്‍ എ.ഡി.ജി.പിയായിരുന്ന അനില്‍കാന്ത് കഴിഞ്ഞ നവംബറില്‍ ശിക്ഷാ ഇളവിന് പരിഗണിക്കാനായി ആഭ്യന്തര വകുപ്പിനു കൈമാറിയത്. പിന്നാലെ, സുപ്രീംകോടതി മാനദണ്ഡപ്രകാരം ഇവരില്‍നിന്നു യോഗ്യരായവരെ തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ ഉപസമിതിയെ നിയോഗിച്ചു.

തുടര്‍ന്ന് 1700 പേരുടെ പട്ടികയാണ് ഉപസമിതി തയ്യാറാക്കിയത്. അതില്‍ ടി.പി കേസിലെ പ്രതികളും ഉള്‍പ്പെട്ടിരുന്നു. പട്ടിക വിവാദമായതോടെ വീണ്ടും പരിശോധിച്ച് 740 പേരുടെ പുതിയ പട്ടിക തയ്യാറാക്കുകയായിരുന്നു. ടി പികേസ് പ്രതികളെ കൂടാതെ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം, കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മണിച്ചന്‍, ഗുണ്ടാനേതാവ് ഓംപ്രകാശ്, കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ എന്നിവരുടെപേരും പട്ടികയില്‍ ഉണ്ടായിരുന്നു. ഇവരുടെ പേര് പുതിയ പട്ടികയില്‍ ഉണ്ടോയന്ന കാര്യം അറിവായിട്ടില്ല.