ദയാവധത്തിന് സുപ്രീംകോടതിയുടെ അനുമതി

single-img
9 March 2018

ന്യൂഡല്‍ഹി: ദയാവധത്തിന് ഉപാധികളോടെ സുപ്രീം കോടതിയുടെ അനുമതി. ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്ന് ഉറപ്പായ രോഗികള്‍ക്ക് ദയാവധം അനുവദിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മെഡിക്കല്‍ ബോര്‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ മാത്രമേ ഇത് അനുവദിക്കാന്‍ സാധിക്കൂ.

ആയുസ്സ് നീട്ടുന്നതിനുള്ള മരുന്നും ഉപകരങ്ങളും വേണ്ടെന്നു വയ്ക്കാം. എന്നാല്‍ മരുന്നു കുത്തിവച്ച് പെട്ടെന്നു മരിക്കാന്‍ അനുവാദം നല്‍കില്ലെന്നും വിധിയില്‍ പറയുന്നു. കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്.

ജീവിക്കാനുളള അവകാശത്തില്‍ മരിക്കാനുളള അവകാശവും ഉള്‍പ്പെട്ടിട്ടുണ്ടോയെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് പരിശോധിച്ചത്. ദയാവധം ഭരണഘടനാവിധേയമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദപ്രകാരം ദയാവധത്തിനും അവകാശമുണ്ടെന്നാണ് ഹര്‍ജിക്കാരായ കോമണ്‍ കോസിന്റെ നിലപാട്. സാധാരണജീവിതത്തിലേക്ക് ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന് നൂറുശതമാനം ഉറപ്പുളള രോഗികള്‍ക്ക് ദയാവധം അവകാശമാണ്.

കോമ തുടങ്ങിയ അവസ്ഥകളില്‍ കഴിയുന്നവരുടെ ജീവിതം നരകതുല്യമാണ്. ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ എടുത്തുമാറ്റിയും, മരുന്നും ഭക്ഷണവും നിര്‍ത്തലാക്കിയും ദയാവധം നടപ്പാക്കണം. വ്യക്തികള്‍ക്ക് സ്വന്തം തീരുമാനമെടുക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തീരുമാനമെടുക്കണം.–ഇങ്ങനെ പോകുന്നു ഹര്‍ജിക്കാരന്റെ നിലപാട്.

ഇതുസംബന്ധിച്ച അമേരിക്കയിലെ നിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊളളണമെന്നും കോമണ്‍കോസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടിരുന്നു. മുംബൈയില്‍ നഴ്‌സായിരുന്ന അരുണാ ഷാന്‍ ബാഗില്‍ പീഡനത്തിനിരയായതിനെ തുടര്‍ന്ന് നാല്‍പത്തിയൊന്ന് വര്‍ഷം കോമ അവസ്ഥയില്‍ കിടന്നിരുന്നു. അരുണയ്ക്ക് ദയാവധം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ദയാവധമാകാമെന്നായിരുന്നു ഉത്തരവ്.