ജെഡിയുവിന് ഇടതു മുന്നണിയില്‍ അംഗത്വമില്ല: രാജ്യസഭാ സീറ്റ് നല്‍കാന്‍ തീരുമാനം

single-img
9 March 2018

യുഡിഎഫ് വിട്ടുനില്‍ക്കുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ജെഡിയുവുമായി സഹകരിക്കാന്‍ ഇടതുമുന്നണിയോഗത്തില്‍ ധാരണയായി. വീരേന്ദ്രകുമാര്‍ രാജിവച്ചതിനെ തുടര്‍ന്നുണ്ടായ രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാനും യോഗത്തില്‍ തീരുമാനമായി. അതേസമയം മുന്നണി ലയനം സംബന്ധിച്ച് പിന്നീട് തീരുമാനിക്കും.

ഇടത് മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് കാട്ടി ജെഡിയു നേതാവ് വീരേന്ദ്രകുമാര്‍ ഇന്നലെ നല്‍കിയ കത്താണ് ഇന്നത്തെ മുന്നണി യോഗം പരിഗണിച്ചത്. വര്‍ഷങ്ങളായി സഹകരിക്കുന്ന ഐ എന്‍ എല്‍ അടക്കമുള്ള പാര്‍ട്ടികള്‍ മുന്നണി പ്രവേശന ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നതുകൊണ്ടും, ജെഡിഎസുമായി ലയന സാധ്യത നിലനില്‍ക്കുന്നത് കൊണ്ടും ജെഡിയുവിനെ ഇപ്പോള്‍ മുന്നണിയുടെ ഭാഗമാക്കണ്ടെന്നാണ് യോഗത്തിലുണ്ടായ ധാരണ.

രാജ്യസഭ സീറ്റിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 12 ആണ്. 13ന് സൂക്ഷമ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 14 ആണ്.