‘കോണ്‍ഗ്രസിന് ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ട്; കെ. സുധാകരന്‍ ചെയ്യുന്നത് കോണ്‍ഗ്രസുകാരെ ബിജെപിയില്‍ ചേര്‍ക്കാനുള്ള ഏജന്‍സി പണി’

single-img
9 March 2018

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ കെ. സുധാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കേരളത്തിലെ കോണ്‍ഗ്രസുകാരെ ബി.ജെ.പിയില്‍ ചേര്‍ക്കാനുള്ള ഏജന്‍സി പണിയാണ് കെ. സുധാരകന്‍ ചെയ്യുന്നതെന്ന് ജയരാജന്‍ ആരോപിച്ചു.

പത്ത് മാസം മുന്‍പ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഓഫീസില്‍ നടന്ന രഹസ്യ ചര്‍ച്ചയിലെ ധാരണ പ്രകാരമാണ് സുധാകരന്‍ പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയതെന്നും ജയരാജന്‍ വെളിപ്പെടുത്തി. കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി. ജയരാജന്‍.

താന്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം സുധാകരന്‍ തന്നെ ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചയില്‍ സമ്മതിച്ചിരിക്കുകയാണെന്ന് ജയരാജന്‍ ചൂണ്ടിക്കാട്ടി. തനിക്കു ബിജെപിയില്‍ പോകണമെന്നു തോന്നിയാല്‍ പോകും, ആരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല എന്നാണ് ഈ നേതാവ് മാധ്യമങ്ങളിലൂടെ പരസ്യമായി പറയുന്നത്.

ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ബിജെപി ലക്ഷ്യമിട്ടിട്ടുണ്ട് എന്ന് മാസങ്ങള്‍ക്കു മുന്‍പുതന്നെ വാര്‍ത്തകള്‍ വന്നിരുന്നു. സുധാകരനെ ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടു എന്നും വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍, അങ്ങനെയൊരു സംഭവമേ ഇല്ല എന്നായിരുന്നു സുധാകരന്റെ പ്രതികരണം. പത്ത് മാസങ്ങള്‍ക്കിപ്പുറം ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്താന്‍ കാരണങ്ങളേറെയുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള കൃത്യമായ മുന്നറിയിപ്പാണിത്. തന്നെ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെങ്കില്‍ ബിജെപിയിലേക്കു പോകും എന്നാണ് സുധാകരന്‍ പറഞ്ഞതിന്റെ അര്‍ഥമെന്നും ജയരാജന്‍ ആരോപിച്ചു.

കണ്ണൂരില്‍ നിന്നുള്ള ചില ബിജെപി നേതാക്കളാണു ദൂതുമായി വന്നതെന്ന് സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, തമിഴ്‌നാട്ടിലെ ബിജെപി നേതാവ് എച്ച്.രാജ എന്നിവരുമായി ചെന്നൈയില്‍ കൂടിക്കാഴ്ച നടത്താനായിരുന്നു ക്ഷണം.

വിസമ്മതം അറിയിച്ചു തന്റെ രാഷ്ട്രീയ നിലപാട് അവരെ വ്യക്തമായി ബോധ്യപ്പെടുത്തിയതോടെ പിന്നീട് അത്തരം നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് വിടേണ്ട സാഹചര്യമുണ്ടായാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു.