ഒടുവില്‍ സുഗതന്റെ വര്‍ക്ക്‌ഷോപ്പിന് പഞ്ചായത്തിന്റെ അനുമതി

single-img
9 March 2018

പുനലൂര്‍: കൊടിനാട്ടല്‍ സമരത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ സുഗതന്റെ കുടുംബത്തിന് വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നല്‍കി. വയല്‍ നികത്തിയ അതേ സ്ഥലത്ത് തന്നെ വര്‍ക്ക് ഷോപ് തുടങ്ങാനാണ് രേഖാമൂലം അനുമതി നല്‍കിയിരിക്കുന്നത്.

വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ പാട്ടത്തിനെടുത്ത ഭൂമിയില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതില്‍ മനംനൊന്താണ് പ്രവാസിയായ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കുഴിയില്‍ വീട്ടില്‍ സുഗതന്‍ ജീവനൊടുക്കിയത്. സിപിഐ അംഗങ്ങളുടെ എതിര്‍പ്പ് മറികടന്നാണ് പഞ്ചായത്ത് അനുമതി നല്‍കിയത്.

എതിര്‍പ്പിനേത്തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ സിപിഎം അംഗങ്ങള്‍ ഒന്നാകെ വര്‍ക്ക്‌ഷോപ്പിന് അനുമതി നല്‍കണം എന്ന നിലപാടാണ് സ്വീകരിച്ചത്. നേരത്തെ, മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച സുഗതന്റെ മക്കള്‍ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി വര്‍ക്ക്‌ഷോപ്പിന് അനുമതി നല്‍കിയത്.