യുഎഇയില്‍ സ്വത്തുക്കളും ബാങ്ക് നിക്ഷേപവുമുള്ളവര്‍ക്ക് വില്‍പ്പത്രം റജിസ്റ്റര്‍ ചെയ്യാന്‍ അവസരം

single-img
9 March 2018

യുഎഇയില്‍ സ്വത്തും ബാങ്ക് നിക്ഷേപവുമുള്ളവര്‍ക്ക് അവരുടെ കാലശേഷം കുടുംബാംഗങ്ങള്‍ക്ക് സ്വത്ത് ഉറപ്പാക്കാന്‍ വില്‍പ്പത്രം റജിസ്റ്റര്‍ ചെയ്യാം. വിസ അപേക്ഷകള്‍ സമര്‍പ്പിക്കുന്ന വിഎഫ്എസ് ഗ്ലോബലുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. ഇതിനായി തിരിച്ചറിയല്‍ രേഖകള്‍ ദുബായില്‍ സമര്‍പ്പിക്കാം. കേരളത്തില്‍ നിന്നു തന്നെ ഓണ്‍ലൈനായി ചെയ്യാനും സൗകര്യമുണ്ട്.

നിലവില്‍ വില്‍പ്പത്രം റജിസ്റ്റര്‍ ചെയ്യാതെ മരണം സംഭവിച്ചാല്‍ സ്വത്തുക്കള്‍ അവിടുത്തെ ശരീഅത്ത് നിയമപ്രകാരമായിരിക്കും വിഭജിക്കുക. അതനുസരിച്ച് ആണ്‍മക്കള്‍ക്കാണ് കൂടുതല്‍ സ്വത്തിന് അവകാശം. ഭാര്യയ്ക്ക് ആറിലൊന്ന് സ്വത്ത് മാത്രമാണ് ലഭിക്കുക. മൂന്നിലൊന്ന് മരിച്ചയാളിന്റെ മാതാപിതാക്കള്‍ക്കും അവകാശപ്പെട്ടതാണ്.

മുസ്‌ലിം ഇതരവിഭാഗങ്ങള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വില്‍പ്പത്രം റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മുസ്‌ലിങ്ങളാണെങ്കില്‍ അവിടുത്തെ ശരീഅത്ത് നിയമപ്രകാരമേ ഭാഗം വെയ്ക്കല്‍ നടക്കൂ. ഇന്ത്യയില്‍ വില്‍പ്പത്രം റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും യുഎഇയില്‍ അതിന് അംഗീകാരമില്ല. സ്വന്തമായി ബിസിനസ് സ്ഥാപനം, വന്‍ തുക നിക്ഷേപം, ഫ്‌ലാറ്റോ കെട്ടിടമോ പോലുള്ള സ്വത്തുവകകള്‍ ഉള്ളവരുമായി അനേകം ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്.

യുഎഇയില്‍ ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ രണ്ടും മൂന്നും തലമുറക്കാരായുണ്ടെന്ന് ഡിഐഎഫ്‌സി ഡയറക്ടര്‍ ഷോണ്‍ ഹേഡ് പറഞ്ഞു. ഇതുവരെ 3500 ഇന്ത്യാക്കാരുടെ വില്‍പ്പത്രങ്ങള്‍ ദുബായി റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി ഷോണ്‍ ഹേഡ് അറിയിച്ചു. ഇതില്‍ 10% കേരളത്തില്‍ നിന്നുള്ളവരുടേതാണ്. യുഎഇയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്നതില്‍ രണ്ടാം സ്ഥാനവും ഇന്ത്യാക്കാര്‍ക്കാണ്.