ട്രംപിന്റെ സമ്മര്‍ദ്ദം ഫലം കണ്ടു; ആണവ പരീക്ഷണങ്ങള്‍ നിര്‍ത്താമെന്ന് കിം ജോങ് ഉന്‍

single-img
9 March 2018

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നു. ഇത് സംബന്ധിച്ച് ഉത്തരകൊറിയയുടെ ക്ഷണം ലഭിച്ചതായി വൈറ്റ് ഹൗസ് ഔദ്യോഗിക വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചു. മെയ് മാസത്തോട് കൂടി ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുരക്ഷ സംബന്ധിച്ച ഉറപ്പ് നല്‍കിയാല്‍ ആണവ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ തങ്ങള്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ അറിയിച്ചിരുന്നു. മാത്രമല്ല സഹകരണം തുടര്‍ന്നാല്‍ മിസൈല്‍ പരീക്ഷണമുണ്ടാവില്ലെന്നും ഉന്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്.

ലോകത്തെ ഞെട്ടിച്ചാണ് പുതിയ തീരുമാനം പുറത്തുവന്നിരിക്കുന്നത്. ദക്ഷിണ കൊറിയയുടെ ഉന്നതതല സംഘം കഴിഞ്ഞ ഏതാനും ആഴ്ചകളായി കിങ് ജോന്‍ ഉന്നുമായി മധ്യസ്ഥതല ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഒടുവിലാണ് പ്രതീക്ഷയേകുന്ന പുതിയ പ്രഖ്യാപനം പുറന്നുവന്നത്.

കിങ് ജോങ് ഉന്നിന്റെ ക്ഷണക്കത്ത് വൈറ്റ് ഹൗസ് സന്ദര്‍ശിച്ച ദക്ഷിണ കൊറിയന്‍ സംഘം ട്രംപിന് കൈമാറി. അമേരിക്കയ്ക്കും ഉത്തര കൊറിയക്കും ഇടയിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമ്പോള്‍ തല്‍കാലത്തേക്ക് ആണവ പരീക്ഷണവും മിസൈലുകളുടെ വിക്ഷേപണവും മരവിപ്പിക്കുമെന്ന് കിം ഉറപ്പു നല്‍കിയതായി ദക്ഷിണ കൊറിയ പറഞ്ഞു.

ഉപരോധങ്ങള്‍ അടക്കം ഉത്തരകൊറിയക്കുമേലുള്ള ട്രംപിന്റെ സമ്മര്‍ദ്ദങ്ങള്‍ ഫലം കണ്ടന്ന് നയതന്ത്രവിദഗ്ധര്‍ വിലയിരുത്തുന്നു, എങ്കിലും കിം ജോങ് ഉന്നിന്റെ ക്ഷണണം കരുതലോടെ മാത്രമേ സ്വീകരിക്കു എന്ന് അമേരിക്ക വ്യക്തമാക്കി.