അബുദാബി ഫെസ്റ്റിവലില്‍ ശ്രദ്ധേയമായി ഇന്ത്യന്‍ നൃത്തരൂപങ്ങള്‍

single-img
10 March 2018

പതിനഞ്ചാമത് അബുദാബി ഫെസ്റ്റിവലില്‍ ഇന്ത്യന്‍ സംഗീതവും കലയും ശ്രദ്ധേയമായി. അബുദാബി എമിറേറ്റ്‌സ് പാലസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ആസ്വദിക്കാന്‍ നൂറു കണക്കിനു ആളുകളാണ് എത്തിച്ചേര്‍ന്നത്. യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്‌യാന്റെ നേതൃത്വത്തിലാണ് അബൂദബി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വേഷ വിധാനത്തില്‍ സംഗീതവും നൃത്തവുമൊക്കെയായിട്ടാണ് കാണികളെ ഫെസ്റ്റിവലില്‍ അഥിതി രാജ്യമായ ഇന്ത്യ സ്വീകരിച്ചത്.’മര്‍ച്ചന്റ്‌സ് ഓഫ് ബോളിവുഡ്’ എന്ന പരിപാടിയില്‍ വിവിധ ഇന്ത്യന്‍ നൃത്തരൂപങ്ങള്‍ ആണ് അവതരിപ്പിച്ചത്. വൈഭവി മെര്‍ച്ചന്റ്,സുലെമാന്‍ മെര്‍ച്ചന്റ്, സാലിം എന്നിവരാണ് പരിപാടി നയിച്ചത്.

യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, യു.എ.ഇ ഇന്ത്യന്‍ സ്ഥാനപതി സവദീപ് സിങ് സൂരി തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടി ആസ്വദിക്കാനെത്തി. ഒരു മാസക്കാലം നീണ്ട് നിക്കുന്ന സാംസ്‌കാരിക ആഘോഷ പരിപാടിയായ അബുദാബി ഫെസ്റ്റിവല്‍ വിവിധ വേദികളിലാണ് നടക്കുക.

മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറില്‍ അധികം കലാകാരന്മാരും നാല്‍പതോളം സംഗീതജ്ഞരും ഭാഗമാവുന്ന ഉത്സവമാണിത്. ഇന്ത്യക്കാരല്ലാത്തവര്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തെ ആസ്വദിക്കാനും അടുത്തറിയാനുമുള്ള അവസരമാണ് ഫെസ്റ്റിവലിലൂടെ ലഭിക്കുക.