സര്‍ക്കാര്‍ ഡിഎംആര്‍സിക്കു നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചതിന്റെ തെളിവുകള്‍ പുറത്ത്: ബഹുജന പ്രക്ഷോഭത്തിനൊരുങ്ങി യു.ഡി.എഫ്: നഷ്ടം സഹിക്കാന്‍ പറ്റില്ലെന്ന് ഐസക്

single-img
10 March 2018

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ടു ഡിഎംആര്‍സിക്കു നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ലംഘിച്ചതിന്റെ തെളിവുകള്‍ പുറത്ത്. പദ്ധതിക്കുള്ള കരാര്‍ ഉടന്‍ ഒപ്പിടാമെന്നു രണ്ടുതവണ രേഖാമൂലം ഉറപ്പുനല്‍കിയെങ്കിലും പാലിച്ചില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. വിശദമായ പദ്ധതിരേഖ സംബന്ധിച്ചു ചര്‍ച്ചചെയ്യാമെന്നു മുഖ്യമന്ത്രി ഇ. ശ്രീധരനു നല്‍കിയ ഉറപ്പും ലംഘിക്കപ്പെട്ടു.

അതിനിടെ ലെറ്റ്‌മെട്രോ പദ്ധതിയില്‍ നിന്നും ഡി.എം.ആര്‍.സി പിന്‍വാങ്ങിയ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ യു.ഡി.എഫ് ബഹുജന പ്രക്ഷോഭത്തിനൊരുങ്ങുന്നു. കോഴിക്കോടും, തിരുവനന്തപുരത്തും സമരത്തിന് നേതൃത്വം നല്‍കാനാണ് ഇന്ന് കോഴിക്കോട് നടന്ന യു.ഡി.എഫ് യോഗത്തിന്റെ ധാരണ.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ മന്ത്രിയും ലീഗ് നേതാവുമായ എം.കെ മുനീര്‍ എന്നിവരുടെ അധ്യക്ഷതയിലായിരുന്നു യോഗം. സമരത്തിന്റെ ആദ്യ ഘട്ടമെന്ന നിലയ്ക്ക് ചൊവ്വാഴ്ച ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് കോഴിക്കോട് ബഹുജന കണ്‍വെന്‍ഷന്‍ നടത്തും.

ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സമരത്തില്‍ ഏറെ പ്രതിസന്ധിയിലായ സര്‍ക്കാര്‍ വികസന രാഷ്ട്രീയം മുന്‍ നിര്‍ത്തി യു.ഡി.എഫ് നടത്തുന്ന മറ്റൊരു സമരത്തെ കൂടിയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. സര്‍ക്കാരിന്റെ പിടിപ്പ് കേടുകൊണ്ടാണ് പദ്ധതിയില്‍ നിന്നും പിന്മാറുന്നതെന്ന് കഴിഞ്ഞ ദിവസം ഡി.എം.ആര്‍.സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. മാത്രമല്ല തന്നെ കാണാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ലയെന്ന തരത്തിലുള്ള പ്രതികരണവും ഉണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം മുന്‍ നിര്‍ത്തിയാണ് യു.ഡി.എഫ് സമരത്തിനൊരുങ്ങുന്നത്.

അതേസമയം വരുംവരായ്കകള്‍ ആലോചിക്കാതെ ലൈറ്റ് മെട്രോ അടക്കമുള്ള പദ്ധതികള്‍ ഏറ്റെടുക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇത്തരം പദ്ധതികള്‍ സര്‍ക്കാരിന് കൂടുതല്‍ ബാധ്യതയാണ് വരുത്തിവെക്കുന്നതെന്നും അതുകൊണ്ട് കൂടുതല്‍ ആലോചന വേണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം വന്‍കിട പദ്ധതികള്‍ സ്ഥായിയായതാവണം. അതുകൊണ്ടുതന്നെ കൂടുതല്‍ പഠനം നടത്തിയശേഷം മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കൂ. എല്ലാ വന്‍കിട പദ്ധതികളും ഏറ്റെടുത്ത് ധനനഷ്ടം വര്‍ഷാവര്‍ഷം സര്‍ക്കാര്‍ നികത്തുക എന്നുള്ളത് സര്‍ക്കാരിന് വലിയ ഭാരമാകും. അതുകൊണ്ട് സാങ്കേതികമായ സാധ്യതകള്‍ പരിശോധിച്ച്, ആര്‍ക്കാണ് അത് സാങ്കേതികമായി നന്നായി ചെയ്യാന്‍ സാധിക്കുകയെന്നതും വരുംവരായ്കകളും കൃത്യമായ പരിശോധന നടത്തേണ്ടിവരും.

പല പദ്ധതികളിലും വേണ്ടത്ര പരിശോധന നടക്കാതെയാണ് നടപ്പാക്കിയത് എന്ന കാര്യം കോടതി അടക്കം നിരീക്ഷിച്ചിട്ടുള്ളതാണ്. അതുകൊണ്ട് ഇത്തരം പദ്ധതികളില്‍ പരിശോധന ആവശ്യമാണ്. ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പരിശോധന അടക്കം നടന്നുകൊണ്ടിരിക്കുന്നതേയുള്ളു. അതിന്റെയെല്ലാം ഫലം അനുകൂലമായിരിക്കും എന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തില്‍ എടുത്തുചാടാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.