ന്യൂനമര്‍ദം ശക്തിപ്പെടുന്നു; തിരുവനന്തപുരത്ത് കനത്ത മഴയ്ക്ക് സാധ്യത; അതീവജാഗ്രത പാലിക്കണമെന്നു സര്‍ക്കാര്‍

single-img
13 March 2018

തിരുവനന്തപുരം: തിരുവനന്തപുരത്തിന് 390 കിലോ മീറ്റര്‍ തെക്കുപടിഞ്ഞാറായി കടലില്‍ ശക്തമായ ന്യൂനമര്‍ദം ശക്തിപ്പടുന്നുണ്ടെന്നും ഇന്ന് തിരുവനന്തപുരം ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍വരെ ആകാം. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും ലക്ഷദ്വീപിലും കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ന്യൂനമര്‍ദപാത്തി തിരുവനന്തപുരത്തുനിന്ന് 391 കിലോമീറ്റര്‍ അകലെ മാത്രമാണ്.

തെക്കു–പടിഞ്ഞാറന്‍ മേഖലയിലാണു തീവ്രന്യൂനമര്‍ദം രൂപം കൊണ്ടിട്ടുള്ളതെന്നും സാഹചര്യം അടിയന്തരമായി വിലയിരുത്താന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും മറ്റന്നാളും കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ട്.