നടിയുടെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുള്‍പ്പെടെ എല്ലാ രേഖകളും ദിലീപിന് നല്‍കണമെന്ന് സെഷന്‍സ് കോടതി: ‘ദൃശ്യങ്ങള്‍ നല്‍കാനാവില്ല’

single-img
14 March 2018

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ലെന്ന് വിചാരണ കോടതി. എന്നാല്‍ ദൃശ്യങ്ങള്‍ ഒഴികെയുള്ള കേസിന്റെ രേഖകള്‍ ദിലീപിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ദൃശ്യങ്ങള്‍ പ്രതിക്കു നല്‍കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും വിചാരണ കോടതി വ്യക്തമാക്കി.

നടിയുടെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടും നല്‍കണമെന്ന് വിചാരണക്കോടതി നിര്‍ദേശിച്ചു. വിചാരണ നടപടികള്‍ക്കായി കോടതി ചേര്‍ന്നപ്പോഴാണ് ഈ നിര്‍ദേശം നല്‍കിയത്. വിചാരണയുടെ പ്രാഥമിക നടപടിക്രമങ്ങള്‍ ഇന്ന് കോടതിയില്‍ പൂര്‍ത്തിയായി.

കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കും. അതിനിടെ വിചാരണയ്ക്കായി പ്രത്യേക കോടതി വേണമെന്ന് ആക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ടു. വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്നും കേസില്‍ രഹസ്യ വിചാരണ നടത്തണമെന്നും കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.

സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഉണ്ടെങ്കില്‍ സ്വന്തം അഭിഭാഷകന്‍ എന്തിനെന്ന് കോടതി ചോദിച്ചു. ആവശ്യമെങ്കില്‍ പ്രോസിക്യൂട്ടറെ സഹായിക്കാമെന്നും നടിയുടെ അഭിഭാഷകന് നിര്‍ദേശം നല്‍കി. വിചാരണ നടപടികള്‍ക്കായി പ്രതികളായ നടന്‍ ദിലീപും പള്‍സര്‍ സുനിയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ എത്തിയിരുന്നു

2017 ഫെബ്രുവരി 17 നാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഫെബ്രുവരി 21ന് ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വിജേഷിനെയും എറണാകുളം ജില്ലാ കോടതിയിലെ കോടതി മുറിയില്‍ നിന്ന് പിടികൂടുകയായിരുന്നു.

നടിയെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണസംഘം കുറ്റപത്രം നല്‍കിയശേഷം കേസിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ചു. തുടര്‍ന്നാണ് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.