‘വിചാരണക്കായി’ ദിലീപും പള്‍സര്‍ സുനിയും കോടതിയില്‍: വനിതാ ജഡ്ജി വേണമെന്ന് ആക്രമിക്കപ്പെട്ട നടി

single-img
14 March 2018

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണയുടെ നടപടിക്രമങ്ങള്‍ തുടങ്ങി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. ദിലീപും പള്‍സര്‍ സുനിയും അടക്കമുളള പ്രതികള്‍ കോടതിയിലെത്തി.

വിചാരണ നടപടികള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ദിലീപ് ഉള്‍പ്പെടെ 12 പ്രതികളോടും നേരിട്ട് ഹാജരാകണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു. ഏത് കോടതിയില്‍ എന്ന് വിചാരണ തുടങ്ങണമെന്ന് സെഷന്‍സ് കോടതിയാണ് തീരുമാനമെടുക്കുക. മുഴുവന്‍ പ്രതികളുടെയും അഭിപ്രായം കൂടി രേഖപ്പെടുത്തിയ ശേഷമാകും സെഷന്‍സ് കോടതിയുടെ തീരുമാനം.

അതേസമയം വിചാരണയ്ക്കായി പ്രത്യേകകോടതിയും വനിതാ ജഡ്ജിയും വേണമെന്ന് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ഹര്‍ജി നല്‍കും. രഹസ്യവിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടും. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കം ആറുപ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്. എട്ടാം പ്രതിയായ ദിലീപടക്കം അഞ്ചു പ്രതികള്‍ ജാമ്യത്തിലാണ്. രണ്ടു പേര്‍ മാപ്പുസാക്ഷികളായിരുന്ന

2017 ഫെബ്രുവരി 17 നാണ് തൃശൂരില്‍ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഫെബ്രുവരി 21ന് ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വിജേഷിനെയും പൊലീസ് എറണാകുളം ജില്ലാ കോടതിയിലെ കോടതി മുറിയില്‍ നിന്ന് പിടികൂടുകയായിരുന്നു.

നടിയെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്ത പ്രത്യേക അന്വേഷണസംഘം കുറ്റപത്രം നല്‍കിയശേഷം കേസിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ചു. തുടര്‍ന്നാണ് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. എട്ടാം പ്രതിയാണ് ദിലീപ്.

മഞ്ജു വാര്യരുമായുള്ള ആദ്യ വിവാഹ ബന്ധം തകരാന്‍ കാരണം യുവനടിയാണെന്നതിനാല്‍ ദിലീപിന് ഇവരോട് പകയുണ്ടെന്നും അശ്‌ളീലദൃശ്യം പകര്‍ത്താന്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്നും അന്വേഷണസംഘം കണ്ടെത്തി. തുടര്‍ന്നാണ് അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വിചാരണയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പ്രതികള്‍ ദൃശ്യം പകര്‍ത്തിയ മൊബൈലും മെമ്മറികാര്‍ഡും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇതില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്വേഷണസംഘം കണ്ടെടുത്തിരുന്നു.

നിയമാനുസൃതമായ രേഖകളൊന്നും ഇതുവരെ കിട്ടാത്ത സാഹചര്യത്തില്‍ വിചാരണ നടപടികള്‍ തുടങ്ങുന്നത് വൈകിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.