കോടതി മുറിക്കുള്ളിലെ പ്രതിക്കൂട്ടില്‍ ഒരുമിച്ചു നിന്നിട്ടും മുഖത്തോടുമുഖം നോക്കാതെ ദിലീപും പള്‍സര്‍ സുനിയും

single-img
14 March 2018

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. കേസിലെ ഏട്ടാം പ്രതിയായ ദിലീപ് അടക്കം പത്തു പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായി. അഭിഭാഷകന്‍ ബി.രാമന്‍പിള്ളയുടെ കാറിലാണ് ദിലീപ് കോടതിയില്‍ എത്തിയത്.

കോടതിയിലെ ലിഫ്റ്റിനരികിലിറങ്ങിയ ദിലീപ് ചുറ്റും കൂടിയവരോടെല്ലാം സൗഹൃദത്തോടെ സംസാരിച്ചു. തുടര്‍ന്ന് കോടതി മുറിക്കുള്ളിലെ പ്രതിക്കൂട്ടില്‍ കയറിയ ദിലീപ് നിരന്നുനിന്ന പത്തു പ്രതികളുടെ കൂട്ടത്തില്‍ ഒമ്പതാമനായി വലത്തേ അറ്റത്ത് നിന്നു.

പ്രതിക്കൂടിനു പുറത്ത് ദിലീപിന് തൊട്ടുപിന്നില്‍ സഹോദരന്‍ അനൂപും ഉണ്ടായിരുന്നു. മറ്റൊരു പ്രതിയായ ചാര്‍ളിയായിരുന്നു ദിലീപിന്റെ അടുത്ത്. നിരയുടെ ഇടത്തേ അറ്റത്ത് മുഖ്യ പ്രതി പള്‍സര്‍ സുനി ഉണ്ടായിരുന്നെങ്കിലും ആ ഭാഗത്തേക്ക് നോക്കാതെയാണ് ദിലീപ് അരമണിക്കൂറോളം നീണ്ട കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്.

കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതടക്കമുള്ള നടപടികള്‍ തീരുമാനിക്കുന്നതിനാണ് കേസിലെ 12 പ്രതികളോടും ഹാജരാകാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആവശ്യപ്പെട്ടത്. പ്രതികളായ പ്രതീഷ് ചാക്കോയും രാജു ജോസഫും ഹാജരായില്ല.

കേസില്‍ നടിയുടെ ദൃശ്യങ്ങള്‍ അടക്കം പല രേഖകളും തനിക്കു ലഭിച്ചില്ലെന്നും ഇവയില്ലാതെ എങ്ങനെ വിചാരണ നടത്താനാകുമെന്നും ദിലീപ് വാദിച്ചു. ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും മറ്റു തെളിവുകള്‍ കൈമാറിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ദൃശ്യം വേണമെന്ന പ്രതിയുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അതിപ്പോള്‍ നല്‍കാനാകില്ലെന്ന് കോടതി വ്യക്യതമാക്കി. തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയുടെ വൈദ്യപരിശോധന ഫലം അടക്കം മുഴുവന്‍ രേഖയും കൈമാറാന്‍ പ്രോസിക്യൂട്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇതിനിടെ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്നും രഹസ്യ വിചാരണ വേണമെന്നും ആവശ്യപ്പെട്ട് നടി കോടതിയില്‍ ആവശ്യപ്പെട്ടു. നടിയ്ക്കായി ഹാജരായ അഭിഭാഷകനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ നടിയെ സഹായിക്കുന്നതിന് സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ചിട്ടുണ്ടെന്നും പ്രത്യക അഭിഭാഷകന് പ്രോസിക്യൂട്ടറെ സഹായിക്കാമെന്നും അറയിച്ച് ഹര്‍ജി കൃത്യമായ വഴിയിലൂടെ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വിചാരണ നടപടികള്‍ ഈമാസം 28 ലേക്ക് മാറ്റി.