ബിജെപിക്ക് തിരിച്ചടി: ചെങ്ങന്നൂരില്‍ പിന്തുണയ്ക്കില്ലെന്ന് ബിഡിജെഎസ്

single-img
14 March 2018

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി സഖ്യകക്ഷിയായ ബിഡിജെഎസ്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കി. ഇന്ന് ആലപ്പുഴയില്‍ ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാനനേതൃയോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ചത്. വാഗ്ദാനം ചെയ്ത ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കാത്ത ബിജെപിയുമായി സഹകരിക്കില്ലെന്ന് തുഷാര്‍ വ്യക്തമാക്കി. ബിജെപിയെ ഒഴിവാക്കി ചെങ്ങന്നൂരില്‍ എന്‍ഡിഎ യോഗം വിളിച്ചുചേര്‍ക്കുമെന്ന് തുഷാര്‍ പറഞ്ഞു.

ബിഡിജെഎസ് തങ്ങളോടൊപ്പം നില്‍ക്കുമെന്ന് ബിജെപി സംസ്ഥാനനേതൃത്വം ഒന്നടങ്കം വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിഡിജെഎസിന്റെ നിലപാട് വന്നിരിക്കുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം കൈക്കലാക്കാന്‍ ഉറച്ച് ഇറങ്ങുന്ന ബിജെപിക്ക് വന്‍ തിരിച്ചടി ആയിരിക്കുകയാണ് ബിഡിജെഎസ് തീരുമാനം.

രാജ്യസഭാ സീറ്റിന്റെ പേരില്‍ ബിജെപിയിലെ ചിലര്‍ തന്നെയും പാര്‍ട്ടിയെയും അധിക്ഷേപിച്ചുവെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഇക്കാര്യത്തില്‍ നടപടിക്ക് രേഖാമൂലം ആവശ്യപ്പെടും. രാജ്യസഭാ സീറ്റ് താനോ പാര്‍ട്ടിയോ ആവശ്യപ്പെട്ടിട്ടില്ല.

ഇടതുമുന്നണിയിലേക്ക് പോകണമെങ്കില്‍ ഒന്നുമൂളിയാല്‍ മതിയെന്നും തുഷാര്‍ അവകാശപ്പെട്ടു. എല്‍ഡിഎഫിന് മഅദനിയുമായി സഹകരിക്കാമെങ്കില്‍ ബി.ഡി.ജെ.സിനോട് സഹകരിക്കാനാകില്ലേയെന്നും തുഷാര്‍ ചോദിച്ചു. ലഭിക്കുമെന്ന് പ്രതീക്ഷിച്ച രാജ്യസഭാംഗത്വം തുഷാര്‍ വെള്ളാപ്പള്ളിക്ക് നഷ്ടമായ സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കേണ്ടതില്ലെന്നായിരുന്നു യോഗത്തിലെ പൊതുവികാരം.