‘എയര്‍ ഇന്ത്യ എല്ലാ സര്‍വീസുകളും റദ്ദാക്കി; നിങ്ങള്‍ക്ക് ടര്‍ക്കിഷ് വിമാനത്തില്‍ പോകാം’: ട്വിറ്റര്‍ സന്ദേശം കണ്ട യാത്രക്കാര്‍ അമ്പരന്നു

single-img
15 March 2018

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഇന്നു പുലര്‍ച്ചയോടെ ഹാക്ക് ചെയ്യപ്പെട്ടു. മണിക്കൂറുകള്‍ക്കു ശേഷം അക്കൗണ്ട് പുനഃസ്ഥാപിച്ചു. തുര്‍ക്കിയില്‍നിന്നുള്ള I ayyildtiz എന്ന ഹാക്കര്‍ സംഘമാണ് ഇതിനു പിന്നിലെന്നാണ് സൂചന. ഇന്നു പുലര്‍ച്ചയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെത്.

ഈ സമയത്ത് പ്രത്യക്ഷപ്പെട്ട ടര്‍ക്കിഷ് ഭാഷയിലുള്ള ചില ട്വീറ്റുകളാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ചുള്ള സൂചന നല്‍കിയത്. തുര്‍ക്കി അനുകൂല ട്വീറ്റുകളാണ് ഈ സമയത്ത് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതു കൂടാതെ ഒരു ട്വീറ്റ് പേജില്‍ പിന്‍ ചെയ്തിട്ടുമുണ്ടായിരുന്നു.

അവസാന നിമിഷത്തെ അറിയിപ്പ്: എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും റദ്ദ് ചെയ്തിരിക്കുന്നു. ഇനി ടര്‍ക്കിഷ് വിമാനത്തില്‍ യാത്ര ചെയ്യാം എന്നുമായിരുന്നു ഈ ട്വീറ്റ്. ഇതോടെയാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടു എന്ന വിവരം പുറത്തെത്തിയത്. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വിലാസം @airindiain എന്നതില്‍നിന്ന് @airindiaTR എന്നാക്കി ഹാക്കര്‍മാര്‍ മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല.