ത്രിരാഷ്ട്ര ട്വന്റി20: ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍

single-img
15 March 2018

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി.ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 17 റണ്‍സിന് ബംഗ്ലാദേശിനെ തോല്‍പിച്ച് ഇന്ത്യ ഫൈനലില്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ(89)അര്‍ധ സെഞ്ച്വറിയുടെ മികവില്‍ 176 റണ്‍സെടുത്തുവെങ്കിലും ആറ് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശിന്റെ സ്‌കോര്‍ 159 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ടോസ് നേടിയ ബംഗ്ലദേശ് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഫോമിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (60 പന്തില്‍ 89) മികവിലാണ് ഇന്ത്യ മികച്ച വിജയലക്ഷ്യം പടുത്തുയര്‍ത്തിയത്. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഇന്ത്യയ്ക്കു നല്ല തുടക്കം നല്‍കി.

70 റണ്‍സിന്റെ കൂട്ടുകെട്ടാണു ഇരുവരും തീര്‍ത്തത്. ശിഖര്‍ ധവാന്‍ 27 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായി. റുബല്‍ ഹൊസൈന്റെ പന്തില്‍ ധവാന്‍ ബൗള്‍ഡാവുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ രോഹിത്– സുരേഷ് റെയ്‌ന സഖ്യം കൂട്ടുകെട്ട് നൂറു കടത്തി.

19–ാം ഓവറില്‍ അര്‍ധ സെഞ്ചുറിക്ക് മൂന്നു റണ്‍സ് അകലെ റെയ്‌ന പുറത്തായി. റുബല്‍ ഹൊസൈന്റെ പന്തില്‍ സൗമ്യ സര്‍ക്കാര്‍ ക്യാച്ചെടുത്താണ് റെയ്‌നയെ പുറത്താക്കിയത്. അവസാന ഓവറില്‍ രോഹിത് ശര്‍മയും റണ്ണൗട്ടായി പുറത്തായി. ദിനേഷ് കാര്‍ത്തിക് രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു.

മൂന്നു വിക്കറ്റു നേടിയ വാഷിങ്ടന്‍ സുന്ദറിന്റെ പ്രകടനാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് നിരയുടെ തകര്‍ച്ചയ്ക്കു തുടക്കിമട്ടത്. ഓപ്പണര്‍മാരായ തമീം ഇഖ്ബാല്‍, ലിറ്റന്‍ ദാസ്, സൗമ്യ സര്‍ക്കാര്‍ എന്നിവരെ വാഷിങ്ടന്‍ പുറത്താക്കി. അര്‍ധ സെഞ്ചുറി നേടിയ മുഷ്ഫിഖര്‍ റഹീമി(55 പന്തില്‍ 72)ന്റെ മികവില്‍ ബംഗ്ലദേശ് മുന്നേറിയെങ്കിലും മികച്ചൊരു കൂട്ടുകെട്ട് ഉണ്ടാക്കാനാകാത്തത് അവര്‍ക്കു തിരിച്ചടിയായി.

തമീം ഇഖ്ബാല്‍ (19 പന്തില്‍ 27), ലിറ്റന്‍ ദാസ് (ഏഴു പന്തില്‍ ഏഴ്), സൗമ്യ സര്‍ക്കാര്‍ (മൂന്നു പന്തില്‍ ഒന്ന്), മഹ്മൂദുല്ല (എട്ടു പന്തില്‍ 11), സാബിര്‍ റഹ്മാന്‍ (23 പന്തില്‍ 27), ഹസന്‍ മിറാസ് (ആറു പന്തില്‍ ഏഴ്) എന്നിങ്ങനെയാണ് മറ്റു ബംഗ്ലദേശ് താരങ്ങളുടെ സ്‌കോറുകള്‍. മുഹമ്മദ് സിറാജ്, ഷാര്‍ദൂല്‍ താക്കൂര്‍, യുസ്!!വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.