സൗദി വിമാനത്താവളങ്ങളിലെ പ്രവാസി തൊഴിലാളികളെ പിരിച്ചുവിടും

single-img
15 March 2018

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ വിമാന കമ്പനികളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന 1500 വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വിദേശ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.

വിവിധ വിമാന കമ്പനി ഏജന്‍സികള്‍, ഗ്രൗണ്ട് സപ്പോര്‍ട്ട് സര്‍വീസ് കമ്പനി എന്നിവിടങ്ങളിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്. വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിന് ആവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് എയര്‍പോര്‍ട്ട് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ അബ്ദുല്ല അല്‍റൈമി വിദേശ കമ്പനികളോട് ആവശ്യപ്പെട്ടു.

ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സൗദിവത്കരണ സമിതിയും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് എയര്‍പോര്‍ട്ടിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. യോഗ്യരായ സ്വദേശിയുവാക്കള്‍ക്ക് എയര്‍പോര്‍ട്ടുകളില്‍ ജോലി കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ വക്താവ് തുര്‍ക്കി അല്‍ ദീബ് പറഞ്ഞു. എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ള സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.