ബിസിസിഐയ്ക്ക് തിരിച്ചടി: കൊച്ചി ടസ്‌കേഴ്‌സിന് 550 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

single-img
15 March 2018

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കേരളത്തിന്റെ സ്വന്തം ടീമായ കൊച്ചി ടസ്‌കേഴ്‌സിന് ബി.സി.സി.ഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. വ്യവസ്ഥകള്‍ പാലിക്കാതെ പുറത്താക്കിയതിനെതിരെ ടസ്‌കേഴ്‌സ് നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

ആര്‍ബിട്രേഷന്‍ ഫോറം നിശ്ചയിച്ച 550 കോടി രൂപ ബിസിസിഐ കൊച്ചിന്‍ ടസ്‌കേഴ്‌സിന് നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 2011ലാണ് കൊച്ചിന്‍ ടസ്‌കേഴ്‌സിനെ വാര്‍ഷിക ബാങ്ക് ഗ്യാരന്റി തുക നല്‍കിയില്ല എന്ന പേരില്‍ ഐപിഎലില്‍നിന്ന് ബിസിസിഐ പുറത്താക്കിയത്.

നേരത്തെ പണം വേണ്ടെന്നും ഐ.പി.എല്ലിന്റെ അടുത്ത സീസണില്‍ കളിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നുമാണ് കൊച്ചി ടസ്‌കേഴ്‌സ് ഫ്രാഞ്ചൈസി ഉടമകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബി.സി.സി.ഐ ഈ ഒത്തുതീര്‍പ്പിന് തയ്യാറായിരുന്നില്ല. റെന്‍ദേവൂ സ്‌പോര്‍ട്‌സ് വേള്‍ഡ് എന്നപേരില്‍ അഞ്ച് കമ്പനികള്‍ ചേര്‍ന്നാണ് 2011ല്‍ കൊച്ചിന്‍ ടസ്‌കേഴ്‌സ് എന്ന ടീം രൂപവത്കരിച്ചത്.

1560 കോടി രൂപയാണ് കേരള ടീമിന് ഐ.പി.എല്ലിലേക്കുള്ള പ്രവേശത്തിനായി വെക്കേണ്ടിവന്ന ലേലത്തുക. ഐ.പി.എല്ലില്‍ ഉയര്‍ന്ന രണ്ടാമത്തെ തുകയായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ തുകകൊടുത്തത് പുണെ ടീമാണ്. കരാര്‍ ലംഘിച്ചെന്ന കാരണത്താല്‍ 2011ല്‍, ആദ്യസീസണ്‍ കഴിഞ്ഞപ്പോള്‍ത്തന്നെ കൊച്ചിന്‍ ടീമിനെ ബി.സി.സി.ഐ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്ന് പുറത്താക്കി.

കൊച്ചി ടീമിന്റെ എതിര്‍പ്പ് വകവെക്കാതെ അവര്‍ നല്‍കിയ ബാങ്ക് ഗ്യാരണ്ടിയില്‍നിന്ന് 156 കോടി രൂപ ബി.സി.സി.ഐ. പണമാക്കി പിന്‍വലിക്കുകയും ചെയ്തു. പുതിയ ബാങ്ക് ഗ്യാരണ്ടി ആറുമാസത്തിനുള്ളില്‍ നല്‍കാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊച്ചി ടീമിനോടാവശ്യപ്പെട്ടെങ്കിലും അതുനടക്കാതായതോടെ ടീം ഐ.പി.എല്ലില്‍നിന്ന് പുറത്തായി.

പുറത്താക്കുന്നതിനുമുമ്പ് 340 കോടി രൂപ ടീം ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും കണക്കാക്കാതെയായിരുന്നു ബി.സി.സി.ഐ.യുടെ നടപടി. ഇതോടെയാണ് കൊച്ചി ടീം ആര്‍ബിട്രേറ്ററെ സമീപിച്ചത്. ടീമില്‍ കളിച്ചവര്‍ക്ക് പ്രതിഫലം ലഭിക്കുകയുണ്ടായില്ല. ടീമിനെതിരെ കോടതിയില്‍ പോകാനാണ് ബി.സി.സി.ഐ. കളിക്കാരോട് ആവശ്യപ്പെട്ടത്.