ടിപി വധക്കേസ് പ്രതി പികെ കുഞ്ഞനന്തനെ മോചിപ്പിക്കാന്‍ നീക്കം

single-img
16 March 2018

തിരുവനന്തപുരം: ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പികെ കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ് അനുവദിക്കാന്‍ നീക്കം. പ്രായാധിക്യവും ആരോഗ്യ പ്രശ്‌നങ്ങളും അനുഭവിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പൊലീസ് നീക്കം നടത്തുന്നത്.

പ്രാഥമിക നടപടികളുടെ ഭാഗമായി എതിര്‍പ്പുണ്ടോയെന്ന് അറിയാനായി ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയില്‍വകുപ്പ് മോചിതനാക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ജയില്‍ അഡ്വൗസറി ബോര്‍ഡിന് നിര്‍ദേശം നല്‍കുന്നത്.

ഒരു കാരണവശാലും കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കുന്നത് അനുവദിക്കല്ലെന്നാണ് കെകെ രമയുടെ നിലപാട്. ശിക്ഷായിളവ് നല്‍കാന്‍ തീരുമാനമുണ്ടായാല്‍ നിയമപരമായി നേരിടുമെന്ന് രമ അറിയിച്ചു. കേസില്‍ 13ാം പ്രതിയാണ് സി.പി.എം പാനൂര്‍ ഏരിയ കമ്മറ്റി അംഗം കൂടിയായിരുന്ന കുഞ്ഞനന്തന്‍.

ടി.പി കേസിലെ മറ്റു പ്രതികളായ കൊടി സുനി, കെ.സി.രാമചന്ദ്രന്‍, പി.കെ.കുഞ്ഞനന്തന്‍, അണ്ണന്‍ സിജിത്ത്, റഫീഖ്, അനൂപ്, മനോജ് കുമാര്‍, രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ സര്‍ക്കാര്‍ ഗവര്‍ണറോട് നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഈ പട്ടിക ഗവര്‍ണര്‍ പി.സദാശിവം തിരിച്ച് അയക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞനന്തന് ഇളവ് നല്‍കാനുള്ള തീരുമാനം.