മോദി സര്‍ക്കാരിനെതിരെ ആദ്യ അവിശ്വാസ പ്രമേയം

single-img
16 March 2018

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരേ പ്രാദേശിക കക്ഷികളുടെ ഐക്യനീക്കം കരുത്താര്‍ജിക്കുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും കേന്ദ്രസര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി. നോട്ടീസിന് അനുമതി ലഭിക്കണമെങ്കില്‍ 50 അംഗങ്ങളുടെ പിന്തുണ വേണം.

മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയമാണിത്. ഇന്ന് എന്‍ഡിഎ വിട്ട തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമാണ് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്ന തീരുമാനം അറിയിച്ചത്. ഇന്നലെ വൈ എസ് ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗമോഹന്‍ റെഢി കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്ന് അറിയിച്ചിരുന്നു.

ലോക്‌സഭയില്‍ മോദി സര്‍ക്കാരിന് കേവലഭൂരിപക്ഷമുള്ളതിനാല്‍ അവിശ്വാസം പാസാകണമെന്നില്ല. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ഒരു വര്‍ഷം മാത്രം അവശേഷിക്കെ വിശ്വാസവോട്ട് തേടേണ്ട സാഹചര്യം മോദിക്ക് ക്ഷീണവും പ്രതിസന്ധിയുമാണ്.