സിഗരറ്റും വിലപിടിപ്പുള്ള പൂക്കളുമാണെന്നും പറഞ്ഞ് ബന്ധു കൊടുത്തുവിട്ടത് കഞ്ചാവ്: മലയാളി യുവാവ് ഖത്തറില്‍ പിടിയില്‍

single-img
16 March 2018

കാസര്‍കോട് തളങ്കര തെരുവത്ത് പള്ളത്ത് നിഷാദ് (26) ആണ് ബന്ധുവിന്റെ ചതിയില്‍ ഖത്തര്‍ ജയിലിലായത്. ബെംഗളൂരുവില്‍ ഫാന്‍സി കട നടത്തുന്ന നിഷാദ് വിസിറ്റിങ് വീസയില്‍ കഴിഞ്ഞ ആറിനാണ് ഖത്തറിലേക്കു പോയത്. സിഗരറ്റും വിലപിടിപ്പുള്ള പൂക്കളുമാണെന്നും പറഞ്ഞ് ബന്ധുവായ ഉളിയത്തടുക്ക സ്വദേശി ഫൈസല്‍ ഒരു പൊതി നിഷാദിന് ഖത്തറിലേക്ക് പോകുന്നതിന് മുമ്പായി നല്‍കിയിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.

ഖത്തറില്‍ എത്തുമ്പോള്‍ തന്റെ സുഹൃത്ത് ഈ പൊതി വന്നു വാങ്ങുമെന്നാണ് ഫൈസല്‍ പറഞ്ഞിരുന്നതെന്നും വീട്ടുകാര്‍ പറയുന്നു. ബെംഗളൂരുവിലെ കച്ചവടം തല്‍ക്കാലം അടച്ചിട്ടാണ് നിഷാദ് ഖത്തറിലേക്ക് പുറപ്പെട്ടത്. ഒട്ടേറെ സുഹൃത്തുക്കള്‍ ഖത്തറിലുണ്ടെന്നും വിസിറ്റിങ് വീസ എടുത്ത് അവിടേക്ക് പോവുകയാണെന്നും നല്ല ജോലി കിട്ടിയാല്‍ നാട്ടിലെത്തി തിരിച്ചുപോകുമെന്നും നിഷാദ് പറഞ്ഞിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.

കുറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും മകന്‍ ഒന്നു വിളിക്കുക പോലും ചെയ്യാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ പോലും നിഷാദ് സുഖമായി ഖത്തറിലെത്തിയിട്ടുണ്ടെന്ന വിവരമാണ് ഫൈസല്‍ നല്‍കിയത്. എന്നാല്‍ ഇതില്‍ സംശയം തോന്നിയ നിഷാദിന്റെ വീട്ടുകാര്‍ ഖത്തറിലുള്ള നാട്ടുകാരനായ ഒരാളെ ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് നിഷാദ് കഞ്ചാവ് കടത്തിയതിന് ജയിലില്‍ കഴിയുന്നതായി വിവരം അറിയുന്നത്. ഇനി എന്തു ചെയ്യും എന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം.