ഫാ​റൂ​ഖ് കോ​ളജജില്‍ ഹോളി ആഘോഷങ്ങളുടെ പേരില്‍ വി​ദ്യാ​ര്‍​ഥി​കള്‍ക്ക് മര്‍ദ്ദനം;അദ്ധ്യാപകര്‍ക്കെതിരെ കേസ്

single-img
17 March 2018


കോഴിക്കോട്: ഹോളി ആഘോഷങ്ങളുടെ പേരില്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച ഫറൂഖ് കോളേജിലെ അധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.

അദ്ധ്യാപകരായ നിഷാദ്, ഷാജിര്‍, യൂനസ് എന്നിവര്‍ക്കെതിരെയും കോളേജ് ജീവനക്കാരനായ ഇബ്രാഹിംകുട്ടിക്കും കണ്ടാലറിയാവുന്ന മറ്റ് അദ്ധ്യാപര്‍ക്കുമെതിരെയാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ഫഹ്മി അബ്ദുള്ളയുടെ പരാതി പ്രകാരം കേസ്. കോളേജ് മാനേജ്​മെന്റ്​ നല്‍കിയ പരാതിപ്രകാരം, ജീവനക്കാരനായ ഇബ്രാഹിംകുട്ടിയെ വാഹനം ഇടിച്ച കേസില്‍ കാറോടിച്ച വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തു.

കോളേജില്‍ അധ്യാപകര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചിട്ടില്ലെന്നായിരുന്നു കോളേജ് മാനേജ്മെന്റ് നിലപാട് സ്വീകരിച്ചിരുന്നത്. എന്നാല്‍, പോലീസ് കേസെടുത്തതോടെ മാനേജ്മെന്റെ വാദങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ്.

ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച്‌ കേസെടുത്തിട്ടുള്ളതിനാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.