മാണിയെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം

single-img
18 March 2018

ആലപ്പുഴ: കേരള കോണ്‍ഗ്രസ് എമ്മിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എന്‍ഡിഎയുടെ നയപരിപാടികള്‍ അംഗീകരിക്കുന്ന ആരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്.

മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും കുമ്മനം പറഞ്ഞു. ബി.ഡി.ജെ.എസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നങ്ങള്‍ തീരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് തേടി ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം കെ.എം.മാണിയെ സന്ദര്‍ശിച്ചിരുന്നു. അതേസമയം, ചെങ്ങന്നൂരില്‍ ആര്‍ക്ക് പിന്തുണ നല്‍കണമെന്ന് കേരളാ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ല. ഒരു മുന്നണിക്കും പിന്തുണ നല്‍കേണ്ടതില്ലെന്നാണ് കേരളാ കോണ്‍ഗ്രസില്‍ ധാരണയായതെന്നാണ് സൂചന.