പുതിയ മദ്യശാലകള്‍ തുറക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എക്‌സൈസ് മന്ത്രി

single-img
18 March 2018

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ഇത് സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഈ വിഷയത്തില്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സുപ്രീംകോടതി വിധിയേത്തുടര്‍ന്നു പൂട്ടിപ്പോയ കള്ളുഷാപ്പുകള്‍ മാത്രം തുറക്കാനാണ് അനുമതി. പുതിയ ബാറുകള്‍ക്കുള്ള അപേക്ഷ വന്നാല്‍ അപ്പോള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. മദ്യനയത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ല.

എല്‍ഡിഎഫിന്റെ പ്രകടനപത്രിക പ്രകാരമുള്ള മദ്യനയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കൂടുതല്‍ മദ്യശാലകള്‍ തുറക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. മദ്യവര്‍ജനം തന്നെയാണു ലക്ഷ്യം. മദ്യഷാപ്പുകളുടെ എണ്ണം കൂടിയെന്ന ആരോപണവും തെറ്റാണ്. യുഡിഎഫ് ഭരണകാലത്തുണ്ടായിരുന്ന അത്രയും മദ്യശാലകള്‍ ഇപ്പോഴില്ലെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.