വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം സമയത്ത് തീരില്ലെന്ന് അദാനി

single-img
19 March 2018

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി തീരില്ലെന്ന് നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് വിഴിഞ്ഞം സീപോര്‍ട്ട് ലിമിറ്റഡിനെ അറിയിച്ചു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഡ്രഡ്ജര്‍ തകര്‍ന്നതാണ് ഇതിന്റെ കാരണമെന്നും അദാനി ഗ്രൂപ്പ് കത്തിലൂടെ വ്യക്തമാക്കി.

ഓഖിയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് തുറമുഖ ഉപകമ്പനി 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. കത്ത് സ്വതന്ത്ര എന്‍ജിനീയര്‍മാര്‍ പരിശോധിച്ചു വരികയാണ്.

അതേസമയം ഓഖി ദുരന്തം കാരണമാക്കുന്നത് കരാര്‍ ലംഘനം ഒഴിവാക്കാന്‍ വേണ്ടിയാണെന്നും സൂചനയുണ്ട്. സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം സമയത്ത് പദ്ധതി തീര്‍ന്നില്ലെങ്കില്‍ പിന്നീട് വരുന്ന ഓരോ ദിവസത്തിനും കമ്പനി സര്‍ക്കാരിന് 12 ലക്ഷം രൂപ വീതം നല്‍കണമെന്നും തങ്ങളുടേതല്ലാത്ത കാരണം ഉണ്ടായാല്‍ പദ്ധതിക്ക് സമയം നീട്ടിക്കൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമാകുകയും ചെയ്യും.

ഓഖി ചുഴലിക്കാറ്റില്‍ ഡ്രഡ്ജറിന് കേടുപാടുകള്‍ പറ്റുകയും കടലില്‍ പുലിമുട്ടിനായി ഇട്ട കുറെ കല്ലുകള്‍ ഒഴുകിപ്പോയതായും പൈലിംഗിനായി ഉയര്‍ത്തിയ പ്‌ളാറ്റ്‌ഫോമിന്റെ ഭാഗം തകര്‍ന്നതായും നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം പാറ കിട്ടാത്തതാണ് പദ്ധതിയുടെ മെല്ലെപ്പോക്കിന് കാരണമെന്നും കരാര്‍ ലംഘനം ഒഴിവാക്കുന്നതിനാണ് ഓഖിയെ പഴിചാരുന്നതെന്നുമാണ് സൂചന.

2019 ഡിസംബര്‍ നാലിന് പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പദ്ധതിക്കായി മൊത്തം 72 ലക്ഷം ടണ്‍ കരിങ്കല്ലാണ് വേണ്ടത്. കൊട്ടാരക്കരയിലെ ചില പാറമടകള്‍ ഏറ്റെടുത്തും കന്യാകുമാരി ജില്ലയില്‍ നിന്നുമാണ് പദ്ധതിക്കായി കരിങ്കല്ല് ഏര്‍പ്പാടാക്കിയിരുന്നത്.

തുറമുഖത്തേക്കുള്ള റോഡ്, മതില്‍ എന്നിവയുടെ നിര്‍മ്മാണ കാര്യത്തില്‍ നാട്ടുകാരുടെ എതിര്‍പ്പുകളും നേരത്തേ പ്രശ്‌നമായിരുന്നു. 2015 ല്‍ 7525 കോടി രൂപയ്ക്കാണ് വിഴിഞ്ഞം പദ്ധതിക്കായി സര്‍ക്കാരും അദാനിഗ്രൂപ്പും കരാര്‍ ഒപ്പുവെച്ചത്. 1000 ദിവസങ്ങള്‍ക്കകം പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം.