യു.എ.ഇയില്‍ നിന്നും മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ ഏകീകൃത നിരക്ക്

single-img
19 March 2018

യു.എ.ഇയില്‍ നിന്നും മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ എയര്‍ അറേബ്യ ഏകീകൃത നിരക്ക് നിശ്ചയിച്ചു. ഇന്ത്യയില്‍ എല്ലായിടത്തേക്കും ഇതിന് 1,100 ദിര്‍ഹം (ഏകദേശം 19,500 രൂപ) ഇടാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മൃതദേഹത്തിന്റെ ഭാരം നോക്കിയാണ് നിലവില്‍ വിമാന കമ്പനികള്‍ മൃതദേഹം കൊണ്ടുപോകുന്നതിന് പണം ഈടാക്കുന്നത്.

മൃതദേഹം തൂക്കി നോക്കാതെ നിരക്ക് നിശ്ചയിക്കുന്ന ആദ്യ വിമാന കമ്പനിയാണ് എയര്‍ അറേബ്യ. ഷാര്‍ജ ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ അറേബ്യ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഷാര്‍ജയില്‍ നിന്ന് സര്‍വ്വീസ് നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പുതിയ സംവിധാനം ഏറെ ആശ്വാസം പകരുന്നതാണ്.

എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും പഴയ രീതിയാണ് പിന്തുടരുന്നത്. വിദേശത്ത് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് പ്രവാസി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഏറെ നാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.