വര്‍ക്കല ഭൂമി വിവാദത്തില്‍ പ്രതികരണവുമായി സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍

single-img
19 March 2018

വര്‍ക്കലയില്‍ സ്വകാര്യവ്യക്തിക്ക് ഭൂമി നല്‍കിയെന്ന വിവാദത്തില്‍ നടപടി ഭൂവിനിയോഗ നിയമം അനുസരിച്ചെന്ന് തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍. ഭൂ ഉടമയെ നേരിട്ട് കണ്ടിട്ടില്ലെന്നും സബ് കലക്ടര്‍ പറഞ്ഞു. പരാതിയുള്ളവര്‍ക്ക് ലാന്‍ഡ് റവന്യു കമ്മീഷണറെ സമീപിക്കാമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം വര്‍ക്കലയിലെ വിവാദഭൂമി കൈമാറ്റ ഉത്തരവ് സ്റ്റേ ചെയ്തു. വി.ജോയ് എംഎല്‍എയുടെ പരാതിയിലാണ് നടപടി. പരാതി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് കൈമാറി. പരാതി കമ്മീഷണര്‍ അന്വേഷിക്കും.

വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലാണ് വിവാദ ഭൂമി. നിയമം അനുസരിച്ച് നോട്ടീസ് നല്‍കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു ഏറ്റെടുക്കല്‍. റോഡരികിലെ കണ്ണായ ഭൂമിയില്‍ പൊലീസ് സ്റ്റേഷന്‍ പണിയാനുള്ള നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് പോകുന്നതിനിടെയാണ് സ്ഥലമുടമ ജെ ലിജി ഹൈക്കോടതിയെ സമീപിച്ചത്.

തഹസില്‍ദാറുടെ നടപടി ഏകപക്ഷീയമാണെന്ന ആക്ഷേപത്തില്‍ പരാതിക്കാരിയെ കൂടി കേട്ട് തീര്‍പ്പാക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. എന്നാല്‍ തഹസില്‍ദാറുടെ നടപടി അപ്പാടെ റദ്ദാക്കാനായിരുന്നു സബ് കളക്ടറുടെ തീരുമാനം. റീ സര്‍വ്വെ 227 ല്‍പെട്ട 27 സെന്റിനെ ചൊല്ലിയാണ് തര്‍ക്കം.

തഹസില്‍ദാറുടെ നടപടി റദ്ദാക്കുന്ന സബ്കളക്ടറുടെ ഉത്തരവില്‍ ഇതെ കുറിച്ച് വ്യക്തമായൊന്നും പറയുന്നില്ല. തീരുമാനമെടുക്കും മുന്‍പ് തഹസില്‍ദാറെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം കയ്യേറ്റമെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജറാക്കാന്‍ താലൂക്ക് ഓഫീസിന് കഴിഞ്ഞില്ലെന്നും ലഭ്യമായ രേഖകളെല്ലാം പരിശോധിച്ച് തന്നെയാണ് ഉത്തരവിറക്കിയതെന്നുമാണ് സബ് കളക്ടര്‍ ദിവ്യ എസ് അയ്യരുടെ വിശദീകരണം.

വർക്കല ഭൂമി വിവാദം: പരാതിയിൽ ദുരൂഹതയുണ്ടെന്ന് കെ.എസ്.ശബരിനാഥൻ