കാലിത്തീറ്റ കുംഭകോണം: നാലാമത്തെ കേസിലും ലാലു കുറ്റക്കാരന്‍

single-img
19 March 2018

റാഞ്ചി: കാലിത്തീറ്റ കുംഭകോണത്തിലെ നാലാമത്തെ കേസിലും ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെ സി.ബി.ഐ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. അതേസമയം മറ്റൊരു മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം അഞ്ച് പേരെ വെറുതെ വിട്ടു. ലാലുവിനുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

ജാര്‍ഖണ്ഡിലെ ഡുംക ജില്ലയിലെ ട്രഷറിയില്‍ നിന്ന് 1995-96ല്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് 3.3 കോടി രൂപ പിന്‍വലിച്ച കേസിലാണ് കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചത്. ഇനി റാഞ്ചിയിലും പാട്‌നയിലുമായി രണ്ട് കേസുകളില്‍ കൂടി വിധി വരാനുണ്ട്. വിധി പ്രസ്താവം കേള്‍ക്കാന്‍ ലാലു കോടതിയില്‍ എത്തിയിരുന്നു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ആദ്യത്തെ കേസില്‍ ലാലു കുറ്റക്കാരനാണെന്ന് 2013 ല്‍ കോടതി കണ്ടെത്തിയിരുന്നു. ആ കേസില്‍ അഞ്ച് വര്‍ഷം ശിക്ഷയും ലാലുവിന് ലഭിച്ചിരുന്നു. രണ്ടാമത്തെ കേസില്‍ 2017 ഡിസംബര്‍ 23നാണ് വിധി വന്നത്. ആ കേസില്‍ മൂന്നരവര്‍ഷം തടവാണ് ലാലുവിന് കോടതി വിധിച്ചത്.

മൂന്നാമത്തെ കേസില്‍ 2018 ജനുവരിയില്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയും അഞ്ചുവര്‍ഷം തടവ് ലഭിക്കുകയും ചെയ്തിരുന്നു. നിലവില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലുവിനെ അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍നിന്നാണ് വിധി കേള്‍ക്കാന്‍ റാഞ്ചിയിലെ കോടതിയില്‍ അദ്ദേഹത്തെ എത്തിച്ചത്