സ്‌പെഷ്യല്‍ ഒളിംപിക്‌സ് റീജനല്‍ ഗെയിംസിന് അബുദാബിയില്‍ വര്‍ണാഭമായ തുടക്കം

single-img
19 March 2018

അബുദാബി: മുപ്പത്തി ഒന്ന് രാജ്യങ്ങളില്‍നിന്നുള്ള ഭിന്നശേഷി കായികതാരങ്ങള്‍ പങ്കെടുക്കുന്ന സ്‌പെഷല്‍ ഒളിംപിക്‌സ് റീജനല്‍ ഗെയിംസിന് അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ വര്‍ണാഭമായ തുടക്കം. മധ്യ പൗരസ്ത്യദേശം, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ ആയിരത്തി എണ്ണൂറ് ഭിന്നശേഷിക്കാരാണ് പങ്കെടുക്കുന്നത്.

പതിനാറ് കായിക ഇനങ്ങളില്‍ മല്‍സരം ഉണ്ട്. യുഎഇ യുവജനകാര്യ സഹമന്ത്രി ഷമാ അല്‍ മസ്‌റൂഇ മല്‍സരാര്‍ഥികളെ സ്വാഗതം ചെയ്തു. വൈകല്യങ്ങള്‍ മറന്നെത്തിയ താരങ്ങള്‍ എല്ലാ കഴിവുകളും ഉള്ളവര്‍ക്കു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈജിപ്ഷ്യന്‍ അത്‌ലറ്റുകള്‍ ഫറോവയുടെ വേഷത്തിലാണ് നൃത്തം ചെയ്തത്.

യു.എ.ഇയാണ് ഈ കായികമേളയില്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ ടീം. ഇരുപത്തി മൂന്ന് വരെ നടക്കുന്ന റീജനല്‍ ഗെയിമുകളില്‍ നാനൂറ്റി അന്‍പത് കോച്ചുകള്‍, മൂവായിരം വൊളന്റിയര്‍മാര്‍, നൂറ് വിശിഷ്ട അതിഥികള്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. ഭിന്നശേഷിക്കാരായ കായികതാരങ്ങള്‍ അവരുടെ പരിശീലകര്‍ക്കൊപ്പം വീല്‍ ചെയറിലും കാല്‍നടയായുമൊക്കെയാണ് മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുത്തത്.