വർക്കല ഭൂമി വിവാദം: പരാതിയിൽ ദുരൂഹതയുണ്ടെന്ന് കെ.എസ്.ശബരിനാഥൻ

single-img
19 March 2018

തിരുവനന്തപുരം: വർക്കല ഭൂമി വിവാദത്തിൽ വിശദീകരണവുമായി കെ എസ് ശബരീനാഥൻ എംഎൽഎ. തനിക്കെതിരെ വി ജോയ് എംഎൽഎ പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്ന് കെ എസ് ശബരീനാഥൻ ആരോപിച്ചു. രാഷ്ട്രീയലാഭത്തിന് വേണ്ടി മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് രാഷ്ട്രീയ ധാർമികതയല്ലെന്നും ശബരീനാഥൻ പറഞ്ഞു.

സ്വകാര്യ സംഭാഷണത്തിനിടെ ജോയ് തന്നോട് പറഞ്ഞപ്പോഴാണ് ഈ വിഷയത്തെ കുറിച്ച് താൻ അറിയുന്നത്. സംഭവത്തെ കുറിച്ച് അറിയില്ലെന്നും ഇത്തരം വിഷയങ്ങൾ താനും ദിവ്യയും വീട്ടിൽ ചർച്ച ചെയ്യാറില്ലെന്നും അദ്ദേഹത്തിന് മറുപടി നൽകി. അത് അദ്ദേഹത്തിന് ബോദ്ധ്യപ്പെടുകയും ചെയ്തു. പിന്നീട് റവന്യൂ മന്ത്രിക്ക് ജോയ് തന്നെ പരാതി നൽകിയത് ദുരൂഹമാണെന്നും ശബരിനാഥൻ ഫേസ്ബുക്കിലൂടെ പറഞ്ഞു.

സർക്കാരിന്റെ ഭാഗമായി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥ കോടതി വിധിയേയും തെളിവുകളേയും ആസ്‌പദമാക്കി എടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കിൽ അതിനെതിരെ നിയമപരമായി മുന്നോട്ട് പോകുന്നത് സാധാരണയാണ്. എന്നാൽ ഇവിടെ സ്വന്തം രാഷ്ട്രീയലാഭത്തിന് വേണ്ടി മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് രാഷ്ട്രീയധർമ്മമല്ല.

ഞങ്ങളിരുവരും ഔദ്യോഗികവൃത്തിയിൽ പരസ്‌പരം ഇടപെടാറില്ല.പദവികൾ ഉപയോഗിച്ച് ജനങ്ങളെ സേവിക്കാൻ മാത്രം ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ സൽപേര് താറുമാറാക്കാൻ പരിശ്രമിക്കുന്നവർക്കു ഇതിൽ ആനന്ദം ലഭിക്കുന്നുണ്ടെങ്കിൽ അവർക്ക് തെറ്റുപറ്റി. പൊതുജനങ്ങൾക്ക് ‌തങ്ങളിൽ വിശ്വാസമുണ്ടെന്നും അത് കാത്ത്സൂക്ഷിക്കുമെന്നും ശബരിനാഥൻ പറഞ്ഞു.

ശബരീനാഥ് എംഎല്‍എയുടെ കുടുംബ സുഹൃത്തിന് സര്‍ക്കാര്‍ഭൂമി പതിച്ചു നല്‍കി; സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ കുരുക്കില്‍