ഇന്ത്യന്‍ നാവിക സേനയുടെ രണ്ടു പടക്കപ്പലുകള്‍ അബുദാബി സായിദ് തുറമുഖത്ത്

single-img
19 March 2018

അബുദാബി: ഇന്ത്യ യു.എ.ഇ പ്രതിരോധ സഹകരണത്തിന്റെയും സമഗ്ര നയതന്ത്ര പങ്കാളിത്തത്തിന്റെയും ഭാഗമായി ഇന്ത്യന്‍ നാവിക സേനയുടെ രണ്ടു പടക്കപ്പലുകള്‍ അബുദാബി സായിദ് തുറമുഖത്തെത്തി. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ഗോമതി (ഗൈഡഡ് മിസൈല്‍ ഫ്രിഗേറ്റ്), ഐഎന്‍എസ് കൊല്‍ക്കത്ത (ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍) എന്നീ കപ്പലുകള്‍ അബുദാബി സമുദ്രതീരത്തു നടക്കുന്ന യുഎഇ ഇന്ത്യ നാവിക സേനകള്‍ സംയുക്തമായുള്ള ‘ഗള്‍ഫ് സ്റ്റാര്‍ വണ്‍’ വ്യായാമ പദ്ധതിയില്‍ പങ്കെടുക്കുന്നതിനായാണ് എത്തിയത്.

അബുദാബി സായിദ് തുറമുഖത്ത് ഈ മാസം 22 വരെയാണു ഗള്‍ഫ് സ്റ്റാര്‍ വണ്‍ വ്യായാമം. സമുദ്രഘട്ട വ്യായാമ പദ്ധതിയില്‍ യുഎഇ നാവിക സേനാ കപ്പലുകളും പങ്കെടുക്കും. ഇന്ന് മുതല്‍ 22 വരെയാണു സംയുക്ത വ്യായാമ പദ്ധതി ഇന്ത്യ യുഎഇ നാവിക സേനകള്‍ സംയുക്തമായി നടത്തുക.

അബുദാബി മിനാ സായിദ് തുറമുഖത്തെത്തിയ ഇന്ത്യന്‍ നാവികസേനാ കപ്പലുകള്‍ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ്‌സിങ് സൂരി സന്ദര്‍ശിച്ചു. സമുദ്രമേഖലയില്‍ പരസ്പര സഹകരണത്തോടെയുള്ള പരിശീലനം സംഘടിപ്പിക്കാനായതില്‍ ആഹഌദമുണ്ടെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി അറിയിച്ചു.

സംയുക്ത പരിശീലനം ഇരുരാജ്യങ്ങളിലെയും നാവിക പരിശീലന മികവും രാജ്യാന്തര സൗഹൃദവും മെച്ചപ്പെടുത്താന്‍ സഹായിക്കും. ഐഎന്‍എസ് കൊല്‍ക്കത്തയും ഐഎന്‍എസ് ഗോമതിയും തന്ത്രപ്രധാനമായ യുദ്ധനയ പരിശീലനങ്ങളും കഴിവുകളും യുഎഇ നാവികരുമായി പങ്കുവയ്ക്കും.

ഇന്ത്യ യുഎഇ നാവിക സഹകരണം ശക്തിപ്പെടുത്തുന്നതിന് പരസ്പര സഹകരണത്തോടെയുള്ള പരിശീലനാഭ്യാസങ്ങളിലൂടെ ശക്തമായ അടിത്തറ സ്ഥാപിക്കുമെന്നും ഗള്‍ഫ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ സമുദ്ര സുരക്ഷാ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുമെന്നും സ്ഥാനപതി നവ്ദീപ് സിങ് സൂരി അറിയിച്ചു.

രണ്ടു നാവിക കപ്പലുകളുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ ഉന്നത തലത്തില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായുണ്ടായ പരസ്പര ധാരണയുടെ ഭാഗമാണ്. പ്രതിരോധ മേഖലയിലെ പരസ്പര സഹകരണം ഉറപ്പുവരുത്തുന്നതിന് ഉന്നതതല സന്ദര്‍ശനം, സംയുക്ത പരിശീലനം, വ്യായാമങ്ങള്‍, പങ്കാളിത്തം, പ്രതിരോധ പ്രദര്‍ശനങ്ങള്‍, കപ്പല്‍ സന്ദര്‍ശനങ്ങള്‍, പോര്‍ട്ട് കോളുകള്‍ എന്നിവയിലൂടെ യാഥാര്‍ഥ്യമാക്കാനാവും.

ഇന്ത്യയും യുഎഇയും പ്രതിരോധ സഹകരണത്തിനുള്ള ഉടമ്പടി 2014 ല്‍ പുതുക്കിയതായും ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ചട്ടക്കൂട് ഇരു രാഷ്ട്രങ്ങളുടെയും നേതാക്കള്‍ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ വികസിച്ചതായും സ്ഥാനപതി നവ്ദീപ് സിങ് സൂരി വ്യക്തമാക്കി.