സമരക്കാര്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
20 March 2018

തിരുവനന്തപുരം: ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെ കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റൊരു വഴി കാണിച്ചു തരാന്‍ കീഴാറ്റൂര്‍ സമരക്കാര്‍ക്ക് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ വി.ഡി സതീശന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയപാതവികസനം പാടില്ലെന്നു ശഠിക്കുന്നവര്‍ നാട്ടിലുണ്ടെന്നു സമരക്കാരെ ഉന്നമിട്ട് മുഖ്യമന്ത്രി പറഞ്ഞു. 56 പേര്‍ ഭൂമി വിട്ടുനല്‍കി. നാലു പേര്‍ മാത്രമാണു വിട്ടുനല്‍കാത്തത്. കീഴാറ്റൂരിനെ നന്ദിഗ്രാമും സിംഗൂരുമായി താരതമ്യപ്പെടുത്തുന്നതില്‍ കാര്യമില്ല.

അനാവശ്യ എതിര്‍പ്പുകള്‍ക്കു പാര്‍ട്ടി വഴങ്ങില്ല. സിപിഎമ്മുകാര്‍ എതിര്‍ക്കുന്നതുകൊണ്ടു വികസനം കെട്ടിനിര്‍ത്തണോയെന്നും മുഖ്യന്ത്രി ചോദിച്ചു. ഇതുസംബന്ധിച്ച സിപിഐ നിലപാടുകളും മുഖ്യമന്ത്രി തള്ളി. കീഴാറ്റൂരിലൂടെ മാത്രമേ റോഡു നിര്‍മിക്കാന്‍ സാധിക്കൂ.

കര്‍ഷകര്‍ക്കൊപ്പമാണു തങ്ങളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികസനത്തിനായി ഭരണപക്ഷം, പ്രതിപക്ഷം എന്നുകാണിക്കാതെ ഒന്നിച്ചുനില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, വികസനത്തിന്റെ കാര്യത്തില്‍ എതിര്‍പ്പില്ലെന്നും സമരക്കാരെ നേരിടുന്ന സമീപനമാണു പ്രശ്‌നമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിനു പകരം പൊലീസിനെ ഉപയോഗിച്ചാല്‍ തടയുമെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തെ, കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ തള്ളിപ്പറഞ്ഞ് മന്ത്രി ജി.സുധാകരന്‍ നിയസഭയില്‍ രംഗത്തെത്തിയിരുന്നു. കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികള്‍ ‘കിളികളല്ല, കഴുകന്‍മാര്‍’ ആണെന്നും ജീവിതത്തില്‍ ഒരിക്കല്‍പ്പോലും പാടത്തുപോകാത്തവരാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. വികസനവിരുദ്ധന്‍മാര്‍ മാരീചവേഷം പൂണ്ടുവരികയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

എന്നാല്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍, കീഴാറ്റൂരില്‍ കണ്ടത് അധികാരത്തിന്റെ പത്തു തലയുള്ള രാവണനെയാണെന്നും പാര്‍ട്ടി ഗ്രാമത്തിലേത് സിപിഎമ്മുകാര്‍ക്കു പോലും ബോധ്യപ്പെടുത്താത്ത വികസനമാണെന്നും കുറ്റപ്പെടുത്തി. സമരം നടത്തിയത് കഴുകന്‍മാരല്ല, 11 സിപിഎമ്മുകാരാണെന്നും ഇവരെയാണ് സിപിഎം പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതെന്നും സതീശന്‍ പരിഹസിച്ചു.