കീഴാറ്റൂര്‍ സമരത്തെ തള്ളി മന്ത്രി ജി. സുധാകരന്‍: ‘വയല്‍ക്കിളികളല്ല; കഴുകന്‍മാര്‍, വികസനവിരുദ്ധ മാരീചര്‍’

single-img
20 March 2018

തിരുവനന്തപുരം: കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപ്പാസിനെതിരെ സമരം ചെയ്യുന്നവര്‍ വയല്‍ കിളികളല്ല വയല്‍ കഴുകന്മാരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍. വികസനവിരുദ്ധര്‍ മാരീച വേഷം പൂണ്ട് രംഗത്ത് വന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സമരം നടത്തുന്നവരെ സര്‍ക്കാരും സിപിഎമ്മും അടിച്ചമര്‍ത്തുന്നുവെന്നാരോപിച്ച് നിയമസഭയില്‍ വിഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് പരാമര്‍ശം. പാടത്തിന്റെ അരികത്തുപോലും പോകാത്തവരാണ് സമരക്കാര്‍. വികസനവിരുദ്ധ മാരീചന്മാരെ കണ്ട് ആരും മോഹിക്കേണ്ടെന്നും സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു.

കീഴാറ്റൂരില്‍ സമരം ചെയ്യുന്നവരുടെ സമരപ്പന്തല്‍ കഴിഞ്ഞ ദിവസം കത്തിച്ചതിനെതിരെ പ്രതിപക്ഷം ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. കത്തിക്കുന്നതിന് കൂട്ടു നില്‍ക്കുന്നതാണോ പോലീസിന്റെ ജോലിയെന്ന് പ്രതിപക്ഷം ചോദിച്ചു.

വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരേയാണ് കണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. വയല്‍ക്കിളി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വയലിനു നടുവില്‍ കൂടാരം നിര്‍മിച്ചു രാപ്പകല്‍ കാവല്‍ കിടക്കുന്നതായിരുന്നു സമരരീതി.

കഴിഞ്ഞ ദിവസം സമരക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കിയതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ സമരപന്തല്‍ തീയീട്ടു നശിപ്പിച്ചിരുന്നു. ഹൈവേ ഒഴിവാക്കി വയലിലൂടെ റോഡ് നിര്‍മിക്കുന്നതിനു പിന്നില്‍ തളിപ്പറമ്പിലെ സിപിഎം കോണ്‍ഗ്രസ് മുസ്ലിം ലീഗ് കൂട്ടായ്മയുടെ റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളാണെന്നാണ് വയല്‍ക്കിളികളുടെ ആരോപണം. തളിപ്പറമ്പ് ടൗണില്‍ ദേശീയപാത വീതികൂട്ടാന്‍ സ്ഥലമില്ലെന്നു ചൂണ്ടിക്കാട്ടിയാണു കീഴാറ്റൂരിലൂടെ ബൈപ്പാസ് പണിയാന്‍ തീരുമാനിച്ചത്.