ജോലി ആവശ്യപ്പെട്ട് ട്രാക്കില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരം; മുംബൈ സ്തംഭിച്ചു

single-img
20 March 2018

മുംബൈ: റെയില്‍വേയില്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍വെ ട്രാക്കിലിരുന്നു സമരം ചെയ്തു. മുംബൈയിലാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രക്ഷോഭം നടന്നത്. സമരത്തെ തുടര്‍ന്ന് മുംബൈയിലേക്കുള്ള 30 ട്രെയിനുകള്‍ റദ്ദാക്കി. രാവില ഏഴ് മണിയോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്.

മുത്തുങ്ക മുതല്‍ ഛത്രപതി ശിവജി ടെര്‍മിനല്‍ വരെയാണ് ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍വെ ട്രാക്കിലിരുന്നു പ്രതിഷേധിച്ചത്. ട്രെയിനുകള്‍ തടഞ്ഞുകൊണ്ടായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ സമരം. പാളത്തില്‍നിന്നു മാറാതിരുന്നതോടെ പൊലീസും ആര്‍പിഎഫും റെയില്‍വേ ഉദ്യോഗസ്ഥരും ചര്‍ച്ചയ്ക്കായെത്തി. എന്നാല്‍ സമരക്കാര്‍ പിന്മാറിയില്ല.

നാലു വര്‍ഷമായി റെയില്‍വേ റിക്രൂട്‌മെന്റ് നടത്തിയിട്ടെന്നു യുവാക്കള്‍ ആരോപിക്കുന്നു. സമരക്കാരിലേറെയും റെയില്‍വേയുടെ അപ്രന്റിസ് പരീക്ഷ പാസായവരാണ്. 20 ശതമാനമാണ് ഇത്തരക്കാര്‍ക്കായി റെയില്‍വേ താത്കാലിക തൊഴില്‍ നീക്കിവച്ചിരിക്കുന്നത്.

എന്നാല്‍ ഇതു സ്ഥിരംതൊഴിലാക്കണമെന്നാണ് ആവശ്യം. മാത്രവുമല്ല എല്ലാ സംസ്ഥാനത്തെയും പ്രാദേശികര്‍ക്കായി ഈ തൊഴില്‍ സംവരണം ചെയ്യണമെന്നും ആവശ്യമുണ്ട്. ഓള്‍ ഇന്ത്യ റെയില്‍വേ ആക്ട് അപ്രന്റിസ് പരീക്ഷ പാസായവര്‍ക്കു വേണം റിക്രൂട്‌മെന്റില്‍ മുന്‍ഗണനയെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

അപ്രന്റിസുമാരെ പലയിടത്തേക്കായി ‘തട്ടിക്കളിക്കുകയാണ്’. ഇതിനോടകം 10 യുവാക്കളെങ്കിലും റെയില്‍വേ ജോലി സ്വപ്നം കണ്ട്, അതു ലഭിക്കാതെ ആത്മഹത്യ ചെയ്തിട്ടുണ്ട്. മുംബൈ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ക്കു പരാതി നല്‍കിയിട്ടും നടപടിയാകാത്തത്തിനെത്തുടര്‍ന്നാണു പ്രതിഷേധമെന്നും സമരക്കാര്‍ അറിയിച്ചു.

അതിനിടെ പൊലീസ് ലാത്തിപ്രയോഗം നടത്തിയെന്നും വിമര്‍ശനമുണ്ട്. യുവാക്കള്‍ ട്രെയിനുകള്‍ക്കു നേരെ കല്ലെറിഞ്ഞതിനെത്തുടര്‍ന്നാണ് പൊലീസ് ഇടപെട്ടതെന്നു ഫഡ്‌നാവിസ് പറഞ്ഞു. 20% തൊഴില്‍ അപ്രന്റിസുമാര്‍ക്കായി നീക്കിവച്ചിട്ടുണ്ട്. അതില്‍ കൂടുതലാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും ഫഡ്‌നാവിസ് നിയമസഭയില്‍ വ്യക്തമാക്കി.

പിന്നീട് പതിനൊന്ന് മണിയോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്. ഉദ്യോഗാര്‍ഥികള്‍ സമരം പിന്‍വലിച്ചതായും വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും റെയില്‍വേ മന്ത്രി അറിയിച്ചു. റെയില്‍വേയിലേക്കു വന്‍തോതില്‍ റിക്രൂട്‌മെന്റ് നടക്കുന്നുണ്ട്. സുപ്രീംകോടതി നിര്‍ദേശിച്ചതു പ്രകാരം പക്ഷപാതരഹിതവും സുതാര്യവുമായ റിക്രൂട്‌മെന്റാണ് റെയില്‍വേയിലേക്കു നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.